കോട്ടയം: ഒരു ഹൈടെക് ബസ് സ്റ്റാന്‍ഡ് പണിയുന്നതിലെ കാര്യക്ഷമതയോ കൃത്യതയോ മാനദണ്ഡങ്ങളോ പോലും പാലിക്കാതെയാണ് സംസ്ഥാന സര്‍ക്കാര്‍ എരുമേലിയില്‍ ശബരി അന്താരാഷ്ട്രവിമാനത്താവളം നിര്മാണത്തിനിറങ്ങിയത്. 7047 കോടി രൂപ ചെലവു വരുന്ന വന്‍ പദ്ധതിക്ക് എത്ര ഏക്കര്‍ സ്ഥലം വേണം എന്നതില്‍ മാനദണ്ഡം നിശ്ചയിക്കാന്‍ സര്‍ക്കാരിനു സാധിച്ചില്ല. മൂന്നു വര്‍ഷമായി പ്രഖ്യാപനങ്ങളും പ്രസ്താവനകളും സര്‍ക്കാര്‍ ആവര്‍ത്തിച്ചു കൊണ്ടിരുന്നു.
ഇത് രണ്ടാം തവണയാണ് സാമൂഹികാഘാത റിപ്പോര്‍ട്ടും വിജ്ഞാപനവും കോടതി തള്ളുന്നത്. 2024 ഓഗസ്റ്റ് എട്ടിന് ആദ്യത്തെ വിജ്ഞാപനം റദ്ദാക്കി. ചെറുവള്ളി എസ്റ്റേറ്റിന്റെ കൈവശക്കാരായ അയന ട്രസ്റ്റ് നല്കിയ ഹര്‍ജിയില്‍ അന്നത്തെ ആഘാതപഠനത്തില്‍ നിയമപരമായ പിഴവുണ്ടെന്നും ഭൂമി ഏറ്റെടുക്കൽ ഉത്തരവില്‍ തങ്ങളുടെ പേര് ചേര്ത്തിട്ടില്ലെന്നുമായിരുന്നു ആക്ഷേപം. പിന്നീട് ടെന്‍ഡര്‍ പരസ്യം നല്‍കിയാണ് തൃക്കാക്കര ഭാരത് മാതാ കോളജ് സോഷ്യല്‍ വര്‍ക്ക്സ് ടീമിനെ എത്തിച്ച് ഒന്നര മാസത്തെ നടപടികള്‍ക്കു ശേഷം റിപ്പോര്‍ട്ടു നല്‍കിയത്.
കേരളത്തില്‍ അഞ്ചാമത്തെ അന്താരാഷ്ട്ര വിമാനത്താവളത്തിന് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പ് ശിലാസ്ഥാപനം നടത്താനിരിക്കെയാണ് ഇടിത്തീ പോലെ കോടതിയുടെ ഇടപെടല്‍. നിലവിലെ സര്‍ക്കാരിന് നാലു മാസം മാത്രം കാലാവധി ശേഷിക്കെ സര്‍ക്കാരിനും ചെറുവിരല്‍പോലും അനക്കാനാവില്ല. ഭരണത്തില്‍ വന്നാല്‍ വിമാനത്താവളം പണിയും എന്ന വാഗ്ദാനം നടത്താനേ സാധിക്കൂ.
സ്ഥലം ഏറ്റെടുക്കാനുള്ള നടപടിയെടുക്കാതെ പരിസ്ഥിതി, വനം, വ്യോമയാന വകുപ്പുകളുടെ അനുമതി വാങ്ങിയതുകൊണ്ടും വന്‍ തുക മുടക്കി സര്‍വേ നടത്തിയിട്ടും ഒരു നേട്ടവുമുണ്ടായില്ല. ബിലീവേഴ്സ് ചര്‍ച്ചിന്റെ 2263 ഏക്കര്‍ കൂടാതെ പ്രദേശവാസികളുടെ 307 ഏക്കര്കൂടിയാണ് പദ്ധതിയിലേക്ക് ഏറ്റെടുക്കാന്‍ തീരുമാനിച്ചത്.
2025 ല്‍ സ്ഥലം ഏറ്റെടുത്ത് 2026 മധ്യത്തോടെ നിര്‍മാണം തുടങ്ങി 2029 ല്‍ വിമാനത്താവളം കമ്മീഷന് ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. സാമൂഹികാഘാത പഠനം നടത്തേണ്ടത് സ്വതന്ത്ര നിഷ്പക്ഷ സ്ഥാപനമാണെന്ന നിയമം പാലിക്കാതെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സമിതിയെ നിയമിച്ച് തയാറാക്കിയ റിപ്പോര്‍ട്ട് കോടതി മുന്‍പേ തള്ളിക്കളഞ്ഞു. പിന്നീട് തൃക്കാക്കര ഭാരത് മാതാ കോളജ് സോഷ്യല്‍ വര്‍ക്ക്സ് ഡിപ്പാര്‍ട്ട്മെന്റാണ് സാമൂഹികാഘാത പഠനം നടത്തിയത്.
തുടക്കത്തില്‍ റണ്‍വേക്ക് വേണ്ടത്ര നീളം പോരാ എന്ന് കേന്ദ്രവ്യോമയാന മന്ത്രാലയം നിര്ദേശിച്ചതനുരിച്ച് പ്ലാന്‍ മാറ്റി. മുക്കട മുതല്‍ കനകപ്പലം വരെ മൂന്നു കിലോമീറ്റര്‍ റണ്‍വേ നിശ്ചയിച്ചു.വിമാനത്താവളം പണിയാന്‍ നിശ്ചയിച്ച് ചെറുവള്ളി എസ്റ്റേറ്റ് ഉടമകളുമായി ചര്‍ച്ചകള്‍ക്ക് തയാറാവാതെ സര്‍ക്കാര്‍ തോട്ടം അവകാശമാക്കാന്‍ നിയമനടപടികളിലേക്ക് പോയി. തോട്ടത്തിന്റെ അവകാശം ബിലീവേഴ്സ് ചര്ച്ചിനുള്ളതാണെന്ന ഹൈക്കോടതിയുടെ അന്തിമവിധിയാണ് നിലവില്‍ പാലാ സബ് കോടതിയില്‍ നടക്കുന്ന കേസിലും സഭയുടെ നിലപാട്.
ബിലീവേഴ്സ് ചര്‍ച്ചിനു കീഴില്‍ അയന ചാരിറ്റബിള്‍ സൊസൈറ്റിയുടെ ചെറുവള്ളി എസ്റ്റേറ്റിനു പുറമെ 307 ഏക്കര്‍ സ്ഥലം കൂടി ഏറ്റെടുക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇത്തരത്തില്‍ 2570 ഏക്കര്‍ സ്ഥലം വിമാനത്താവളത്തിന് ആവശ്യമില്ലല്ലോ എന്നാണ് ഹൈക്കോടതിയുടെ ചോദ്യം.
എരുമേലിയില്‍ വിമാനത്താവളത്തിനു പുറമെ വന്‍കിട ടൗണ്‍ഷിപ്പും ലക്ഷ്യമിടുന്നുണ്ടെങ്കിലും അവിടെ ആരംഭിക്കുന്ന സംരംഭങ്ങള്‍ എന്തൊക്കെയാണെന്ന് സര്‍ക്കാര്‍ പറയുന്നില്ല. സിയാല്‍ മാതൃകയില്‍ സര്‍ക്കാര്‍ ഓഹരി വിറ്റ് നിര്‍മാണ ഫണ്ട് രൂപീകരിക്കുമെന്നാണ് പ്രഖ്യാപനമെങ്കിലും അതിനുള്ള നടപടിയായിട്ടില്ല.
കേരളത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തിന് മാത്രമാണ് 2300 ഏക്കര്‍ സ്ഥലമുള്ളത്. കൊച്ചിയില്‍ 1300, തിരുവനന്തപുരത്ത് 700, കോഴിക്കോട്ട് 373 ഏക്കര്‍ വീതമാണ് വിമാനത്താവളങ്ങള്‍ക്കുള്ള ഭൂമി. പദ്ധതിക്ക് ആവശ്യമുള്ള ഭൂമിയുടെ അളവ് നിശ്ചയിക്കാന്‍ വീണ്ടും സാമൂഹികാഘാത പഠനം നടത്തണമെന്നാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്. 2020 ജൂണ്‍ 18ന് സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനമാണ് കോടതി റദ്ദാക്കിയത്.
