മാന്നാർ: തദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്കുശേഷം സ്വന്തം വാർഡിലെ എല്ലാ വീടുകളിലും എത്തി മെംബർ കേക്ക് വിതരണം ചെയ്തു. കടപ്ര പഞ്ചായത്ത് പരുമല 11-ാം വാർഡ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട ശിവദാസ് യു. പണിക്കർ ആണ് വാർഡിലെ മുഴുവൻ വീടുകളിലും തന്റെ സ്നേഹസമ്മാനമായി കേക്ക് വിതരണം ചെയ്തത്.
ഹൃദയം മധുരം ഒപ്പം, സ്നേഹം നിറഞ്ഞ ക്രിസ്മസ് പുതുവത്സരാശംസകൾ എന്ന് എഴുതി തന്റെ ചിത്രവും പതിച്ച ബോക്സിൽ വാർഡിലെ 490 വീടുകളിലും ശിവദാസ് നേരിട്ടെത്തിയാണ് കേക്ക് വിതരണം ചെയ്തത്.
വരുന്ന അഞ്ചുവർഷത്തെ വാർഡിലെ വികസന പ്രവർത്തനങ്ങളുടെ തുടക്കം എന്ന നിലയിലാണ് മധുരം വിതരണം ചെയ്തതെന്നും ജാതിമത കക്ഷി രാഷ്ട്രീയത്തിനതീതമായി എല്ലാവരോടൊപ്പം എന്നും ഉണ്ടാകുമെന്നും ശിവദാസ് യു. പണിക്കർ പറഞ്ഞു.
വാർഡിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചാണ് ശിവദാസ് തെരഞ്ഞെടുക്കപ്പെട്ടത്. മുൻ മെംബർ വിമല ബെന്നി, മണ്ഡലം പ്രസിഡന്റ് ടി.പി. പ്രദീഷ്, ടി.എം. ജയിംസ് എന്നിവരും കേക്ക് വിതരണത്തിൽ പങ്കെടുത്തു.
