ഭോപ്പാൽ: മത പരിവർത്തനം നടത്തിയെന്ന് ആരോപിച്ചു കാഴ്ച പരിമിതിയുള്ള യുവതിക്കുനേരെ അധിക്ഷേപവുമായി ബിജെപി നേതാവ്. മധ്യപ്രദേശിലെ ജബൽപുരിൽ ശനിയാഴ്ചയാണ് സംഭവം. തിങ്കഴാഴ്ച സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണു സംഭവം പുറത്തറിയുന്നത്.
ഗൊരഖ്പുർ പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ഹവാ ബാഗിലെ ക്രിസ്ത്യൻ ആരാധനാലയത്തിൽ വച്ചാണ് കാഴ്ച പരിമിതിയുള്ള യുവതിയെ ബിജെപി നേതാവ് അധിക്ഷേപിച്ചത്. ജബൽപുരിൽ അടുത്തിടെ വൈസ് പ്രസിഡന്റായി നിയമിതയായ അഞ്ജു ഭാർഗവയ്ക്കെതിരെയാണ് വീഡിയോ വൈറലായതിനു പിന്നാലെ വിമർശനം രൂക്ഷമായിരിക്കുന്നത്.
പോലീസുകാർ അടക്കമുള്ള സമയത്താണ് അഞ്ജു ഭാർഗവ കാഴ്ച പരിമിതിയുള്ള യുവതിയെ അധിക്ഷേപിക്കുന്നത്. കൈയേറ്റം ചെയ്യാതെ മര്യാദയ്ക്ക് സംസാരിക്കാനും യുവതി ആവശ്യപ്പെടുന്നതും വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്. അടുത്ത ജന്മത്തിലും യുവതി കാഴ്ചാപരിമിതി നേരിടുമെന്നതടക്കമുള്ള ശാപവാക്കുകളാണ് ബിജെപി വനിതാ നേതാവ് നടത്തിയത്.
