അമ്പലപ്പുഴ: ഉത്സവസീസണിലെ ഉയർന്ന വിമാന ടിക്കറ്റ് നിരക്ക് നിയന്ത്രിക്കാൻ സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് കെ.സി. വേണുഗോപാൽ എംപി.ക്രിസ്മസ്- പുതുവത്സരാഘോഷ സീസണിൽ കേരളത്തിൽനിന്ന് ഗൾഫ് മേഖലയിലേക്കും രാജ്യത്തെ മെട്രോ നഗരങ്ങളിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റ് നിരക്കിലെ അന്യായവർധന നിയന്ത്രിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കെ.സി. വേണുഗോപാൽ എംപി കേന്ദ്ര വ്യോമയാന മന്ത്രി കെ. റാം മോഹൻ നായിഡുവിന് കത്തുനൽകി.
വലിയ പ്രവാസി ജനസംഖ്യയുള്ള സംസ്ഥാനമായ കേരളത്തിൽ ഇത്തരം നിരക്ക് വർധനവ് സാധാരണക്കാരായ യാത്രക്കാർക്ക് ഗുരുതരമായ സാമ്പത്തിക ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.ഈ സാഹചര്യത്തിൽ, വിമാന ടിക്കറ്റ് നിരക്കുകൾക്കു പരമാവധി പരിധി നിശ്ചയിക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു. നിലവിലുള്ള നിരക്ക് നിയന്ത്രണങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും അന്യായമായ നിരക്ക് വർധനവിന് വിമാനക്കമ്പനികൾക്കു പിഴ ചുമത്തണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
ടിക്കറ്റ് നിരക്കുകൾ തത്സമയം നിരീക്ഷിക്കാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന് വ്യക്തമായ നിർദേശങ്ങൾ നൽകണം.അവധിക്കാല തിരക്ക് മുതലെടുത്ത് വിമാന ടിക്കറ്റ് നിരക്കുകൾ പലപ്പോഴും പലമടങ്ങായി കുതിച്ചുയരുന്ന സാഹചര്യമാണുള്ളത്.ഇതുമൂലം മധ്യവർഗത്തിനും താഴ്ന്ന വരുമാനമുള്ള കുടുംബങ്ങൾക്കും വിമാനയാത്ര പ്രായോഗികമല്ലാത്തതാകുന്നു.
നിലവിൽ കേരളത്തിൽനിന്ന് ദുബായ്, അബുദാബി ഉൾപ്പെടെയുള്ള ഗൾഫ് റൂട്ടുകളിലെ വൺ-വേ ഇക്കോണമി ടിക്കറ്റുകൾക്ക് ഇരുപത്തയ്യായിരം മുതൽ നാൽപതിനായിരം വരെ നിരക്കാണ് ഈടാക്കുന്നത്. ഡൽഹി, മുംബൈ തുടങ്ങിയ ആഭ്യന്തര റൂട്ടുകളിൽ ഇത് 15,000 മുതൽ 20,000നു മുകളിലേക്ക് ഉയരുന്നതായും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന 25 ലക്ഷം മലയാളികളെയും സംസ്ഥാനത്തിന്റെ വിനോദസഞ്ചാര മേഖലയെയും ഇത്തരം നിരക്ക് വർധന പ്രതികൂലമായി ബാധിക്കുന്നതായി കെ.സി. വേണുഗോപാൽ കത്തിൽ ചൂണ്ടിക്കാട്ടി.
