കൊച്ചി: എറണാകുളം ബ്രോഡ് വേയില്‍ വന്‍ തീപിടിത്തം. നഗരത്തിലെ തിരക്കേറിയ വ്യാപാര കേന്ദ്രമായ ബ്രോഡ്വേയില് ഫാന്‍സി സാധനങ്ങള്‍, കളിപ്പാട്ടങ്ങള്‍ എന്നിവ വില്‍ക്കുന്ന അഞ്ചോളം കടകള്‍ പൂര്‍ണമായും കത്തിനശിച്ചു. ഇന്ന് പുലര്‍ച്ചെ 12.45 ഓടെയായിരുന്നു സംഭവം. ശ്രീധര്‍ തിയേറ്ററിന് സമീപത്തുള്ള കടകളിലാണ് തീപിടിത്തമുണ്ടായത്.
പ്ലാസ്റ്റിക് കളിപ്പാട്ടങ്ങളും ഫാന്‍സി സാധനങ്ങളും ഉള്ള കടകളായതിനാല്‍ തീ അതിവേഗം പടരുകയായിരുന്നു. ആളപായമില്ല. പുക ഉയരുന്നതുകണ്ട് നാട്ടുകാരാണ് എറണാകുളം ക്ലബ് റോഡിലെ ഫയര്‍ഫോഴ്സിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് സ്റ്റേഷന് ഓഫീസര്‍ ആര്. അഭിജിത്ത്, അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ ടി.എസ്. ഷാനവാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി.
ക്ലബ് റോഡ് ഫയര്‍ സ്റ്റേഷനില്‍ നിന്ന് രണ്ട് യൂണിറ്റുകളും ഗാന്ധിനഗറില്‍ നിന്ന് മൂന്നു യൂണിറ്റുകളും ആലുവ, മട്ടാഞ്ചേരി, വൈപ്പിന്‍, തൃക്കാക്കര, ഏലൂര്‍, നോര്‍ത്ത് പറവൂര്‍, അരൂര്‍, പട്ടിമറ്റം എന്നിവിടങ്ങളില്‍ നിന്ന് ഓരോ യൂണിറ്റു വീതവും എത്തി രണ്ടര മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് തീ പൂര്‍ണമായും അണച്ചത്.
തീ പിടിത്തമുണ്ടായ കെട്ടിടത്തിന്റെ സമീപത്തെ കടകളിലേക്ക് തീ പടരാതിരിക്കാനായി ഫയര്‍ ഫോഴ്സ് മുന്‍ കരുതല്‍ എടുത്തതിനാല്‍ വലിയ അപകടം ഒഴിവായി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് ക്ലബ് റോഡ് ഫയര്‍ ഫോഴ്സ് അധികൃതര്‍ അറിയിച്ചു. നാശനഷ്ടത്തിന്റെ കണക്കുകള്‍ ഉച്ചയോടെ പുറത്തുവരുകയുള്ളൂ. ഡെപ്യൂട്ടി മേയര്‍ ദീപക് ജോയി സ്ഥലത്തെത്തി സാഹചര്യം വിലയിരുത്തി.
