കൊച്ചി: ഒരുമിച്ചു പിറന്നുവീണവര്‍, സ്വന്തം പേരുകളിലെന്നപോലെ ജീവിതയാത്രയിലും സമാനസഞ്ചാരം നടത്തി; പൗരോഹിത്യത്തിന്റെ മഹിതമായ അധ്യായം തുറന്നതും ഒരേ ദിനം. ഇരട്ടസഹോദരങ്ങള്‍ ഒരേ അള്‍ത്താരയില്‍ ഒരുമിച്ചു പുരോഹിതരായി അഭിഷിക്തരായ നിമിഷങ്ങള്‍ ഇരട്ടി സന്തോഷത്തിന്റേതായി.
ആലുവ ചുണങ്ങംവേലി കുരീക്കല്‍ കെ.സി. ജോയിയുടെയും മേരിയുടെയും ഇരട്ടമക്കളായ ഫാ. വില്‍ മാത്യു കുരീക്കല്‍, ഫാ. വിന് തോമസ് കുരീക്കല്‍ എന്നിവരാണ് ഒരേ അള്‍ത്താരയില്‍ പൗരോഹിത്യം സ്വീകരിച്ചത്. എറണാകുളം-അങ്കമാലി അതിരൂപതയുടെ ചരിത്രത്തില്‍ വൈദികരായ ആദ്യത്തെ ഇരട്ടസഹോദരങ്ങള്‍. 1999 ഏപ്രില്‍ 16നായിരുന്നു ജനനം.
ഇരട്ടകളായി പിറന്നവര്‍ക്ക് വിന് എന്നും വില്‍ എന്നും പേരിടാന്‍ എന്തു കാരണം എന്നു ചോദിച്ചാല്‍, അമ്മ മേരി അന്നു മനസിലുണ്ടായിരുന്ന രണ്ടു കാര്യങ്ങള്‍ പറയും. ഇരുവരും ദൈവത്തിനും മനുഷ്യര്‍ക്കും പ്രിയപ്പെട്ടവരായി ജീവിക്കണം, തീക്ഷ്ണമായ ആഗ്രഹങ്ങളോടെ വിജയങ്ങള്‍ നേടണം. പേരുകളെ അര്‍ഥപൂര്‍ണമാക്കാനുള്ള ശ്രമത്തില്‍, ദൈവികമായൊരു ജീവിതാന്തസിനായി ഇരുവരും തീക്ഷ്ണമായി “ആഗ്രഹിച്ചു’, ദൈവത്തെപ്രതി “വിജയിച്ചു’.
ഇരട്ടകളുടെ പഠനം പത്തു വര്‍ഷവും കിഴക്കമ്പലം സെന്റ് ജോസഫ് സ്കൂളിലെ ഒരേ ക്ലാസുകളില്‍. സ്കൂള്‍ പഠനകാലത്തു ഇടവകയായ ചുണങ്ങംവേലി സെന്റ് ജോസഫ് പള്ളിയില്‍ ഒരുമിച്ച് അള്ത്താരശുശ്രൂഷികളായിരുന്നതും വൈദികരുമായുണ്ടായിരുന്ന ഊഷ്മളമായ സൗഹൃദവും ഇരുവരിലും പൗരോഹിത്യജീവിതത്തിന്റെ ആദ്യവിത്തുകള്‍ പാകി. എസ്എസ്എല്‍സിയ്ക്കു സമാന ഗ്രേഡ് സ്വന്തമാക്കിയ ശേഷം അതിരൂപതയുടെ തൃക്കാക്കരയിലെ മൈനര്‍ സെമിനാരിയിലേക്കു ചുവടുവച്ചതും ഒരുമിച്ചുതന്നെ.
വൈദികപരിശീലനത്തിന്റെ ആദ്യത്തെ ആറുവര്‍ഷവും തൃക്കാക്കരയില്‍. ഫാ. വിന് വടവാതൂരില്‍ തത്വശാസ്ത്രവും പൂനെയില്‍ ദൈവശാസ്ത്രവും പൂര്‍ത്തിയാക്കി. ഫാ. വില്‍ കുന്നോത്ത്, മംഗലപ്പുഴ സെമിനാരികളിലായിരുന്നു തുടര്‍പരിശീലനം നടത്തിയത്. ശേഷം പൗരോഹിത്യസ്വീകരണത്തിനായി വീണ്ടും അള്‍ത്താരയ്ക്കു മുന്നില്‍ ഒരുമിച്ചു.
ചിന്തകളിലും ജീവിതത്തിലും ഒരുമിച്ചു സഞ്ചരിക്കാന്‍ പ്രയത്നിച്ച തങ്ങള്‍ക്കു ക്രിസ്തുവിനായി പൗരോഹിത്യജീവിതത്തിലേക്ക് ഒരേദിനം പ്രവേശിക്കാനായതില്‍ അഭിമാനമുണ്ടെന്ന് ഫാ. വിന് തോമസും ഫാ. വില്‍ മാത്യവും പറഞ്ഞു.
എറണാകുളം സെന്റെ മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ ഡിസംബര്‍ 27ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംബ്ലാനി എന്നിവരുടെ കാര്‍മികത്വത്തിലായിരുന്നു പൗരോഹിത്യസ്വീകരണം. അടുത്ത 17ന് മാതൃഇടവകയില്‍ ഇരുവരുമൊരുമിച്ചു കൃതജ്ഞതാബലിയര്‍പ്പിക്കും.
ശേഷം ഫാ. വില്‍ ഇടപ്പള്ളി ഫൊറോന പള്ളിയിലും ഫാ. വിന് പള്ളിപ്പുറം ഫൊറോന പള്ളിയിലും സഹവികാരിമാരായി സേവനം. ഇരട്ടവൈദികര്ക്ക് ജ്യേഷ്ഠസഹോദരങ്ങളായി ജിജോയും ജോജോയുമുണ്ട്.
- സിജോ പൈനാടത്ത്
