തൊടുപുഴ: വീട് കുത്തിത്തുറന്ന് ഇരുപത്തിയേഴര പവന് സ്വര്‍ണവും 24,000 രൂപയും കവര്‍ന്ന കേസില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. വഴിത്തല രോഹിണിയില്‍ രാമചന്ദ്രന് നായരുടെ വീട്ടില്‍ ഞായറാഴ്ചയാണ് മോഷണം നടന്നത്. മോഷ്ടാക്കളെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. വഴിത്തല ടൗണിനോടു ചേര്‍ന്ന സ്ഥലത്ത് നടന്ന മോഷണം പ്രദേശവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്.
അവധി ദിവസമായതിനാല്‍ രാമചന്ദ്രന് നായരും കുടുംബവും കൊച്ചിയിലെ അമ്യൂസ്മെന്റ് പാര്‍ക്കില്‍ പോയതായിരുന്നു. ഈ സമയത്താണ് മോഷണം നടന്നത്.ഞായറാഴ്ച രാവിലെ 9.15നാണ് കുടുംബാംഗങ്ങള്‍ കൊച്ചിയിലേക്ക് പോയത്. രാത്രി പത്തോടെയാണ് ഇവര്‍ തിരികെ വീട്ടിലെത്തിയത്. വീടിന്റെ മുന്‍വാതില്‍ തുറന്നപ്പോള്‍ അകത്തെ മുറികളുടേയും അലമാരകളുടേയും വാതില്‍ കുത്തിത്തുറന്ന നിലയിലായിരുന്നു.
തുടര്‍ന്ന് വീട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് സ്വര്‍ണവും പണവും നഷ്ടപ്പെട്ടതായി മനസിലായത്. ഉടനെ തൊടുപുഴ പോലീസില്‍ വിവരമറിയിച്ചു.
സംഭവസ്ഥലത്ത് ഉന്നത ഉദ്യോഗസ്ഥരും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.
വാതിലില്‍നിന്ന് വിരലടയാളം ലഭിച്ചതായും സൂചനയുണ്ട്. ഇതിനു പുറമേ സമീപത്തെ സിസിടിവികള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടന്നു വരികയാണ്. ഇവരുടെ വീട്ടില്‍ സിസിടിവി സ്ഥാപിച്ചിട്ടില്ല.
എന്നാല്‍ സമീപത്തെ രണ്ടു ബാങ്കുകളുടെയും ചില സ്ഥാപനങ്ങളുടെയും സിസിടിവികള്‍ പ്രവര്‍ത്തനക്ഷമമായിരുന്നു. വീട്ടില്‍ ആളില്ലെന്ന് വ്യക്തമായി മനസിലാക്കിയ ശേഷമാണു മോഷണം നടത്തിയതെന്ന് പോലീസ് പ റഞ്ഞു.
