ചാത്തന്നൂർ: കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെല്ലും ഡ്രൈവിംഗ് സ്കൂളും ബംപർ ലാഭ കേന്ദ്രങ്ങളായി മാറി. ബജറ്റ് ടൂറിസം സെൽ 2025 ൽ മുൻ വർഷത്തെക്കാൾ 83 ശതമാനം വളർച്ചയാണ് കാഴ്ചവച്ചത്. സംസ്ഥാനത്തെയും സംസ്ഥാനത്തിന് പുറത്തേയും വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും പ്രസിദ്ധമായ ദേവാലയങ്ങളിലേക്കുമാണ് ട്രിപ്പുകൾ നടത്തുന്നത്.
ദേവാലയങ്ങളിലെ ഉത്സവ പരിപാടികളുമായിബന്ധപ്പെട്ടും ആഘോഷങ്ങളുമായി ബന്ധപ്പെട്ടും സർവീസ് സംഘടിപ്പിക്കുന്നത് ഭക്തജനങ്ങൾക്കും ആശ്വാസമാണ്. വിവാഹം തുടങ്ങിയ ആവശ്യങ്ങൾക്കും ബസ് വിട്ടുകൊടുക്കുന്നുണ്ട്. അടുത്ത കാലത്തായി വാടക നിരക്കിൽ ഇളവ് വരുത്തുകയും വിനോദ സഞ്ചാരത്തിന് ഗ്രൂപ്പായി ബുക്ക് ചെയ്യുന്നവർക്ക് കമ്മീഷൻ അനുവദിക്കുകയും ചെയ്യുന്നുണ്ട്.
2025 വർഷത്തിൽ ബജറ്റ് ടൂറിസം സെൽ നേടിയത് 42.62 കോടിയാണ്. 17.14 കോടിയാണ് കഴിഞ്ഞ വർഷത്തെ ലാഭം. ഡ്രൈവിംഗ് സ്കൂളുകൾ നേടിയ ലാഭം 2.19 കോടി രൂപയാണ്. കെഎസ്ആർടിസി ക്ക് 21ഡ്രൈവിംഗ് സ്കൂളുകളാണ് നിലവിലുള്ളത്.ഹെവിമോട്ടോർ വെഹിക്കിൾ ലൈസൻസിനും ലൈറ്റ് വെഹിക്കിൾ ലൈസൻസിനും 9,000 രൂപവീതമാണ് ഫീസ്.
ലൈറ്റ് വെഹിക്കിൾലൈസൻസും ഇരുചക്ര വാഹന ലൈസൻസിനും കൂടി 11,000 രൂപയാണ് ഫീസ്. 28 ദിവസമാണ് പരിശീലനം. പട്ടികജാതി-വർഗ വിഭാഗങ്ങൾക്കും ട്രാൻസ് ജൻഡർ കാർക്കും ഫിസ് ഇളവുണ്ട്. കഴിഞ്ഞ വർഷം 6,276 പേർക്ക് പരിശീലനം നല്കിയെന്നും ഇതിൽ 86 ശതമാനം പേരും ലൈസൻസ് വിജയം നേടിയെന്നും അധികൃതർ പറഞ്ഞു.
- പ്രദീപ്ചാത്തന്നൂർ
