തുറവൂർ: തുറവൂർ-എരമല്ലൂർ ദേശീയപാതയിലെ യാത്രാക്ലേശം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കുത്തിയതോട്ടിൽ പ്രവർത്തിക്കുന്ന സമൂഹ മാധ്യമ ഗ്രൂപ്പായ വോയിസ് ഓഫ് കുത്തിയതോടിന്റെ പ്രവർത്തകർ ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറിനെ കണ്ടു നിവേദനം സമർപ്പിച്ചു. കെഎസ്ആർടിസി എംഡിക്കും ആലപ്പുഴ എംപി, അരൂർ എംഎൽഎ എന്നിവർക്കും ഇതേ ആവശ്യമുന്നയിച്ച് നിവേദനം നൽകുമെന്നും വോയിസ് ഓഫ് കുത്തിയതോട് ഭാരവാഹികൾ അറിയിച്ചു.
ഈ റൂട്ടിലെ പതിനായിരക്കണക്കിന് ജനങ്ങളുടെ ഏകാശ്രയമാണ് കെഎസ്ആർടിസി ബസ് സർവീസ്. സ്വകാര്യബസുകൾക്ക് തുറവൂരിനും എരമല്ലൂരിനുമിടയിൽ സർവീസ് നടത്താൻ അനുമതിയില്ല.
1992 കാലഘട്ടങ്ങളിൽ ജനകീയ സമരങ്ങൾ നടത്തി കോടംതുരുത്ത് പഞ്ചായത്തിന്റെ സ്ഥലത്ത് ജനങ്ങളും ജില്ലാ പഞ്ചായത്തും കൂടി പണം നൽകി സ്റ്റേഷൻ മാസ്റ്റർ ഓഫീസ് നിർമിക്കുകയും ഒരു ഉദ്യോഗസ്ഥനെ സ്ഥിരമായി നിയമിക്കുകയും ചെയ്തിരുന്നു. അതുപോലെ ബസ് ബേ സൗകര്യങ്ങളും ഉണ്ടാക്കിയിരുന്നു. എന്നാൽ, പിന്നീട് ഈ ഓഫീസ് നിർത്തലാക്കി.
നിത്യേന മെഡിക്കൽ കോളജുകളിൽ പോകുന്ന രോഗികൾക്കു വേണ്ടി കോട്ടയം, കളമശേരി മെഡിക്കൽ കോളജുകളിലേക്ക് കുത്തിയതോട് നിന്നു ബസ് സർവീസുകൾ ആരംഭിക്കുന്നതിനു നടപടി സ്വീകരിക്കണമെന്നും സ്റ്റേഷൻ മാസ്റ്റർ ഓഫീസ് പുനഃസ്ഥാപിക്കണമെന്നും സ്വകാര്യ ബസുകൾക്കു കൂടി ഇതുവഴി സർവീസ് നടത്താൻ പെർമിറ്റ് നൽകണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു.
