ചെമ്പ്: പുല്ലും പോളയും പായലും വളർന്നുതിങ്ങി നീരൊഴുക്കു തടസപ്പെട്ട പുല്ലാന്തിയാർ ശുചീകരിക്കാൻ ഒറ്റയ്ക്കു പോരാടി വിജയംവരിച്ച് എനാദി ചെറുതുരുത്തിൽ അനിൽ കുമാർ. ഒന്പതു കിലോമീറ്ററോളം ദൂരമുള്ള പുല്ലാന്തിയാറിലെ അഞ്ചു കിലോമീറ്റർ ദൂരം കഠിനപ്രയത്നം നടത്തി മൂന്നു വർഷവും നാലു മാസവും കൊണ്ടാണ് അനിൽകുമാർ ശുചീകരിച്ചത്.
മുവാറ്റുപുഴയാറിന്റെ കൈവഴിയായ പുല്ലാന്തിയാർ കനത്തതോതിൽ പുല്ലും പായലും പോളയും നിറഞ്ഞതോടെ ചെറുവള്ളത്തിൽ പോലും തുഴഞ്ഞുപോകാൻ കഴിയാത്ത സ്ഥിതിയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ചൂലുകൊണ്ട് റോഡ് വൃത്തിയാക്കുന്നത് ടിവിയിൽ കണ്ടതിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് നാട്ടിലെ പുല്ലാന്തിയാർ ശുചീകരിക്കാൻ പ്രതിഫലേച്ഛ കൂടാതെ അനിൽകുമാർ ഇറങ്ങിപ്പുറപ്പെട്ടത്.
ആഴത്തിൽ വളർന്ന പുല്ലും പോളയും ആറ്റിലേക്കു വളർന്നിറങ്ങിയ കാടും പടലും വള്ളിച്ചെടികളും വെട്ടിനീക്കാൻ ഏറെ കഠിനാധ്വാനം ചെയ്യേണ്ടി വന്നു. തടിവെട്ടുകാരനായ അനിൽകുമാർ സ്വന്തം വള്ളത്തിൽ രാവിലെ തുഴഞ്ഞുപോയി ഉച്ചവരെ പുഴയിൽ ശുചീകരണപ്രവർത്തനങ്ങളിൽ വ്യാപൃതനാകും. അനിൽകുമാറിന്റെ നാടിനോടുള്ള പ്രതിബദ്ധത ബോധ്യപ്പെട്ട പഞ്ചായത്ത് ഭരണസമിതി ജനകീയ സമിതി രൂപീകരിച്ച് പുഴ ശുചീകരിക്കാൻ ശ്രമം നടത്തി. 65 അംഗ സംഘം ഒരാഴ്ച കിണഞ്ഞുശ്രമിച്ചിട്ടും വളർന്നു തിങ്ങിയ പുല്ലും പോളയും പായലും കഷ്ടിച്ച് 100 മീറ്ററോളമേ നീക്കാനായുള്ളു.
പോളയും പായലും പുല്ലും നീങ്ങി ജലാശയം തെളിയും തോറും പുല്ലാന്തിയാറിലെ നീരൊഴുക്ക് ശക്തിപ്പെടുത്താൻ വർധിതവീര്യത്തോടെ അനിൽകുമാർ ശുചീകരണപ്രവർത്തനങ്ങളിൽ വ്യാപൃതനായി. മാലിന്യങ്ങൾ കെട്ടിക്കിടന്നിരുന്നതിനാൽ ആറ്റിലിറങ്ങുന്നവരുടെ ശരീരം ചൊറിഞ്ഞുതടിക്കുമായിരുന്നു. വസ്ത്രം കഴുകാനും കുളിക്കാനും ആരും പുഴയിൽ ഇറങ്ങാതെയായി. സമീപപ്രദേശങ്ങളിൽ പച്ചക്കറി, വാഴയടക്കം വിവിധ കൃഷികൾക്ക് ശുദ്ധജല ലഭ്യതയും കുറഞ്ഞതോടെ കൃഷിയിൽനിന്നു പലരും പിൻവാങ്ങി.
അനിൽകുമാറിന്റെ ശുചീകരണപ്രവർത്തനങ്ങളെത്തുടർന്ന് ജലഗതാഗതം പുനഃസ്ഥാപിക്കപ്പെട്ടു. പുഴയോരത്ത് വീണ്ടും വസ്ത്രം കഴുകാനും കുളിക്കാനും ആളുകളെത്തി. പുഴയുടെ ഇരു കരകളെയും ഹരിതാഭമാക്കി വാഴകളും പച്ചക്കറികളുമടക്കം വിവിധ കൃഷികൾ വ്യാപകമായി. ചെമ്പ് എനാദി കാട്ടിത്തറ മുതൽ കല്ലുകുത്താംകടവ് വരെയും മണപ്പുറം മുതൽ ചെമ്പകശേരി പാലം, ചെറുതുരുത്തി ദേവസ്വംകരിവരെയുള്ള അഞ്ചു കിലോമീറ്റർ ദൂരം പുല്ലാന്തിയാറിലൂടെ വള്ളത്തിൽ സഞ്ചരിക്കാൻ കഴിയുന്നത് അനിൽ കുമാറിന്റെ നിസ്വാർഥമായ അധ്വാനത്തിന്റെ ഫലമാണെന്ന് നെഞ്ചിൽതൊട്ട് നാട്ടുകാരും പറയുന്നു.
മൂന്നരവർഷത്തെ തന്റെ കഠിനാധ്വാനം മൂലം നീരൊഴുക്ക് ശക്തിപ്പെട്ട പുല്ലാന്തിയാറിലെ വെള്ളം പ്രദേശവാസികൾ ഉപയോഗിക്കുന്നതു കാണാൻ കഴിയുന്നതിലെ സന്തോഷം പറഞ്ഞറിയിക്കാനാവില്ലെന്ന് അനിൽകുമാർ പറയുന്നു. പുല്ലാന്തിയാറിനെ വീണ്ടുമൊഴുക്കാൻ യത്നിച്ച അനിൽകുമാറിനെ പഞ്ചായത്ത് അധികൃതരും വിവിധ സംഘടനകളും ഉപഹാരം നൽകി ആദരിച്ചു. പുല്ലാന്തിയാറിലെ ശേഷിക്കുന്ന ഭാഗത്ത പുല്ലും പായലും പോളയും നീക്കി പുല്ലാന്തിയാർ പൂർണമായി ശുചീകരിക്കണമെന്ന ആഗ്രഹത്തിലാണ് അനിൽകുമാർ.
