ചെറുതോണി: ജനങ്ങളെ ഭീതിയിലാഴ്ത്തി ജില്ലാ ആസ്ഥാനത്ത് വീണ്ടും കടുവയുടെ സാന്നിധ്യം. ഇന്നലെ രാവിലെ ഒൻപതോടെ ഇടുക്കി മെഡിക്കൽ കോളജിനു സമീപം പാറേമാവ് – പത്തേക്കര്‍ കോളനിയിലാണ് കടുവയെ കണ്ടത്.
വീടിനു സമീപം ഉദ്ദേശം 50 മീറ്റര്‍ ദൂരെയാണ് സരസമ്മ കടുവയെ കണ്ടത്. സരസമ്മയുടെ വീടിനു പിന്നില്‍ വനമാണ്. ബഹളം വച്ചപ്പോൾ വീടിനു പിന്നിലുള്ള വനത്തിലേക്ക് കടുവ ഓടിപ്പോയത്രേ. വെള്ളാപ്പാറ ഭാഗത്തുള്ള വനത്തിലേക്കാണ് കടുവ ഓടിമറഞ്ഞത്. വിവരമറിയിച്ചതിനെത്തുടര്‍ന്ന് വനപാലകർ സ്ഥലത്തെത്തി പരിശോധിച്ചെങ്കിലും കടുവയെ കണ്ടെത്താനായില്ല.
തുടർന്ന് ഉച്ചകഴിഞ്ഞ് മൂന്നോടെ തൊടുപുഴയിൽനിന്നു ഡ്രോണ്‍ എത്തിച്ച് പരിശോധന നടത്തിയെങ്കിലും കടുവയുടെ കാല്പാടോ, കാഷ്ടമോ കണ്ടെത്താന്‍ കഴിഞ്ഞില്ല. കഴിഞ്ഞയാഴ്ച ഇടുക്കി പാർക്കിനു സമീപം ടാക്സി ഡ്രൈവർ കടുവയെ കണ്ടിരുന്നു.
എന്നാൽ, വനപാലകർ എട്ടുകിലോമീറ്റർ അകലെ വരെ നിരീക്ഷിക്കാവുന്ന ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. മൂന്ന് കിലോമീറ്റർ ചുറ്റളവിനുള്ളിൽ വീണ്ടും കടുവയെ കണ്ടതോടെ പ്രദേശവാസികള്‍ ഭീതിയിലായിരിക്കുകയാണ്.
