തൊടുപുഴ: ഉടുമ്പന്നൂര്‍ ചീനിക്കുഴി കുറുമുള്ളാനിയില്‍ കെ.വി. ഷൈനിന് വീണ്ടും സംസ്ഥാനത്ത് മികച്ച ക്ഷീരസഹകാരിക്കുള്ള അവാര്‍ഡ്. രണ്ടാം തവണയാണ് ഇദ്ദേഹത്തിന് ഈ അവാര്‍ഡ് ലഭിക്കുന്നത്.
ചീനിക്കുഴിയിലെ ഡെയറി ഫാമില്‍ 280 കറവപ്പശുക്കളും, 27 കിടാരികളും 10 കന്നുക്കുട്ടികളും രണ്ടു പോത്തുകളും ഉണ്ട്. പ്രതിദിന പാലുത്പാദനം 3600 ലിറ്ററാണ്. 2600 ലിറ്റര്‍ പാല് പെരിങ്ങാശേരി ക്ഷീരോത്പാദക സഹകരണ സംഘത്തില്‍ അളക്കുന്നു.1000 ലിറ്റര്‍ പാല് ദിവസവും പ്രാദേശിക വില്‍പ്പന നടത്തുന്നു.
പശുക്കളെ പരിപാലിക്കുന്നത്തിന് ശാസ്ത്രീയമായി നിര്‍മിച്ച അഞ്ചു തൊഴുത്തുകള്‍ ഇദ്ദേഹത്തിനുണ്ട്. 400 കന്നുകാലികളെ നിലവില്‍ ഉള്‍ക്കൊള്ളിക്കാന്‍ കഴിയും. കിടാരികള്‍ക്കും കന്നുക്കുട്ടികള്ക്കും ഗര്‍ഭിണിയായ പശുക്കള്‍ക്കും പ്രത്യേകം തൊഴുത്താണുള്ളത്. പൂര്‍ണ യന്ത്രവത്കരണ ഫാമില്‍ തൊഴുത്തു കഴുകാന്‍ പ്രഷര്വാഷറുകൾ, കറവയന്ത്രങ്ങള്‍, ഓട്ടോമാറ്റിക് വാട്ടര്‍ ഫീഡിഗ് മിസ്റ്റ് സ്പ്രേ, ഫാന്‍, വാട്ടര്‍ ബൗള്‍, മാറ്റ്, ഫ്ളൈ ട്രാപ്പ്, പുല്ലരിയുന്നതിന് ചാഫ്കട്ടര്‍, സ്ലറി പമ്പുകള്‍, ബയോഗ്യാസ് പ്ലാന്റ്് എന്നിവയുണ്ട്.
നാല് ഹെക്ടര്‍ സ്ഥലത്ത് തീറ്റപ്പുല്‍ കൃഷിയും ചെയ്യുന്നുണ്ട്.പച്ചച്ചാണകം ഉണക്കി സംസ്കരിച്ച് പ്രതിദിനം 2000 കിലോ വില്‍പ്പന നടത്തുന്നു. കുളങ്ങള്‍ നിര്‍മിച്ച് തീറ്റപ്പുല്‍ അവശിഷ്ടങ്ങള്‍ തീറ്റയായി നല്കി മീന്‍ വളര്‍ത്തുന്നുണ്ട്. സ്ലറിയും, തൊഴുത്തുകഴുകിയ വെള്ളവും വളമാക്കി വാഴ, പച്ചക്കറി, കുരുമുളക് എന്നിവയും കൃഷി ചെയ്തു വരുന്നു.
മികച്ച കര്‍ഷകനുള്ള ദേശീയതല പുരസ്കാരം, സംസ്ഥാന ക്ഷീരവികസനവകുപ്പിന്റെ ക്ഷീരസഹകാരി അവാര്‍ഡ്, മേഖലാ ക്ഷീരസഹകാരി അവാര്‍ഡ്, സംസ്ഥാനത്തെ മികച്ച ക്ഷേമനിധി കര്‍ഷകനുള്ള അവാര്‍ഡ്, ജില്ലയിലെ മികച്ച ക്ഷേമനിധി കര്‍ഷകനുള്ള അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. 19ന് കൊല്ലത്തു നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാര്‍ഡ് സമ്മാനിക്കും. സുബിയാണ് ഭാര്യ. മക്കള്‍: അഞ്ജന, നന്ദന, അഭിരാം.
