കൊല്ലം: നല്ല വെള്ളി മണൽ നിറഞ്ഞതും കാലിന്റെ അടിയിൽ മൃദുവായതും അരികിൽ ശാന്തമായ കടൽ തിരമാലകളുമുള്ള തങ്കശേരി ബീച്ച്, വിശ്രമിക്കാൻ പറ്റിയ സ്ഥലമാണ്. ഇത്ര കടുത്ത ചൂടുകാലത്തു വിശ്രമിക്കാനും ആസ്വദിക്കാനും പറ്റിയ ഭൂമി. സ്വർണ സൂര്യനിൽ കുളിക്കാൻ അനുയോജ്യമായ സ്ഥലം സ്വന്തമാക്കുക എന്നത് ഒരു സ്വപ്ന സാക്ഷാത്കാരമാണ്.
ഏകദേശം മൂന്നു കിലോമീറ്റർ വിസ്തൃതിയുള്ള ഒരു നീണ്ട ഭൂപ്രദേശമാണിത്. കേരള ചരിത്രത്തിലെ സുപ്രധാന സംഭവങ്ങൾ അരങ്ങേറിയ ഒരു കടൽത്തീര പട്ടണമാണ് തങ്കശേരി. പോർച്ചുഗീസ്, ഡച്ച് കാലത്തെ കോട്ടകളും പളളികളുമാണ് തങ്കശേരിയിലെ പ്രധാന ആകര്ഷണങ്ങൾ. 1902ൽ പണിത 144 അടി ഉയരമുളള വിളക്കുമാടവും സഞ്ചാരികളുടെ ശ്രദ്ധാകേന്ദ്രമാണ്. ലൈറ്റ്ഹൗസ് റോഡിലൂടെ യാത്ര ചെയ്താൽ സൂര്യാസ്തമനവും ചന്ദ്രോദയവും ഒരുമിച്ച് കാണാനാകുമെന്ന പ്രത്യേകതയുമുണ്ട്.
കൊല്ലം ജില്ലയിലെ സജീവമായ പട്ടണത്തിൽ നിന്ന് അഞ്ചു കിലോമീറ്റർ അകലെയാണ് ഒരു കടൽത്തീര പട്ടണമാണ് തങ്കശേരി. ബ്രിട്ടീഷുകാർ ഇതിനെ ഒരുകാലത്ത് ‘ഡച്ച് ക്വയിലോൺ’ എന്നാണ് വിളിച്ചിരുന്നത്. ഇപ്പോൾ അതിന്റെ പേരിനെ നാട്ടുകാർ ‘സ്വർണ ഗ്രാമം’ (തങ്കശേരി) എന്നാണ് വിളിക്കുന്നത്. വിനോദസഞ്ചാരികൾ പലപ്പോഴും ഈ സ്ഥലത്തിന്റെ പ്രകൃതിഭംഗിയിലേക്കു മാത്രമല്ല, കേരളത്തിന്റെയും ഇന്ത്യയുടെയും ചരിത്രത്തിന്റെ സുപ്രധാന തെളിവുകൾ നൽകുന്ന അവശിഷ്ടങ്ങളിലേക്കും ആകർഷിക്കപ്പെടാറുണ്ട്.
തങ്കശേരിയുടെ ചരിത്രം
ഭൂതകാല കഥകളെയും സ്മാരകങ്ങളെയും ചുറ്റിപ്പറ്റിയാണ് തങ്കശേരിയുടെ ചരിത്രം. 1502ൽ കൊല്ലത്ത് എത്തിയ പോര്‍ച്ചുഗീസുകാരാണ് തങ്കശേരി കോട്ട അഥവാ സെന്റ് തോമസ് കോട്ട നിർമിച്ചത്. 1516ൽ പോര്‍ച്ചുഗീസ് ഗവര്‍ണര്‍ ലോപ്പോ ഡോറസും കൊല്ലം റാണിയും തമ്മിൽ ഒരു വ്യാപാര കരാര്‍ ഒപ്പിട്ടു. കരാര്‍ പ്രകാരം പോര്‍ച്ചുഗീസുകാര്‍ തങ്കശേരിയിൽ പാണ്ടികശാലയുടെ നിര്‍മാണം തുടങ്ങി.
പിന്നീട് കുരുമുളക് വ്യാപാരത്തിന്റെ ഒരു പ്രധാന കേന്ദ്രമായി തങ്കശേരി മാറി. എന്നാൽ, കരാര്‍ പാലിക്കാൻ കൊല്ലം റാണിക്ക് കഴിഞ്ഞില്ല. ഇതോടെ പോര്‍ച്ചുഗീസുകാര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടു. പാണ്ടികശാലയെ ഒരു കോട്ടയാക്കി മാറ്റാനുള്ള അനുവാദമാണ് പോര്‍ച്ചുഗീസുകാര്‍ ആവശ്യപ്പെട്ടത്. കൊല്ലം റാണിക്ക് ഈ ആവശ്യം അംഗീകരിക്കേണ്ടി വന്നു. ഇതോടെ പാണ്ടികശാല ഒരു കോട്ടയായി മാറി.
1661ൽ, ഡച്ചുകാർ പോർച്ചുഗീസുകാരെ പരാജയപ്പെടുത്തി തങ്കശേരി പിടിച്ചടക്കി. ഇന്ന് തങ്കശേരിയിൽ കാണാൻ കഴിയുന്ന ചില ഗ്രിഡ് പാറ്റേൺ റോഡുകൾ ഡച്ചുകാർ വികസിപ്പിച്ചെടുത്തതാണ്. പിന്നീട് തിരുവിതാംകൂർ മഹാരാജാവ് തങ്കശേരി പിടിച്ചടക്കുകയും അത് തിരുവിതാംകൂർ രാജ്യത്തിന്റെ ഭാഗമായിത്തീരുകയും ചെയ്തു. 1795ൽ തിരുവിതാംകൂറിന്റെ പരാജയത്തിന് ശേഷം ഈസ്റ്റ് ഇന്ത്യാ കമ്പനിയിലെ ബ്രിട്ടീഷുകാർ അവരുടെ ഭരണം സ്ഥാപിച്ചു.
ഒരുകാലത്ത് പോർച്ചുഗീസുകാരെ സംരക്ഷിക്കുന്ന ശക്തമായ ഒരു കോട്ടയായിരുന്നു തങ്കശേരി. എന്നാൽ, ഇപ്പോൾ തകർന്ന ഇഷ്ടിക മതിലുകളും പടികളും മാത്രമുള്ള ഒരു നിര്‍മിതി മാത്രമാണിത്.
ചരിത്രമെഴുതി ഈ കടൽതീരം ഇന്നു കാണികളുടെ ഇഷ്ടസ്ഥലമാണ്. ശാന്തമായ സ്ഥലം എന്നാൽഅതിലുപരി മനോഹരിയായി കിടക്കുന്ന സ്ഥലമെന്നും തങ്കശേരിക്കു പ്രത്യേകതയുണ്ട്. അതുകൊണ്ട് വിനോദസഞ്ചാരികൾക്ക് ഇഷ്ടപ്പെട്ട ഒരു ഇടമായി ഇതുമാറുന്നു.
