വടക്കഞ്ചേരി: ജീവിതത്തിൽ ഒരു ദിവസംപോലും ആശുപത്രിയിൽ കിടക്കാതെ മരിക്കണമെന്ന ആഗ്രഹം നിറവേറിയാണ് വടക്കഞ്ചേരി സാമൂഹ്യാരോഗ്യ കേന്ദ്രത്തിനു മുന്നിലെ പഴക്കട ഉടമ ദാർസലാം മൻസിലിൽ അബ്ദുൾ അസീസ് (105) ഓർമയായത്.
ഇന്നലെ രാവിലെയായിരുന്നു മരണം. വൈകുന്നേരം കബറടക്കം നടത്തി. ഭാര്യ: പരേതയായ സബൂറ. മക്കൾ: കാസിം, നബീസ, സഫിയ. മരുമക്കൾ: ഷമീറ, കമാൽ,നൂർമുഹമ്മദ്. മരിക്കുന്നതിനു തൊട്ടുമുമ്പുവരെ സാധാരണപോലെ കടന്നുപോയതായി മകൻ കാസിം പറഞ്ഞു.
തൊഴിലിന്റെ മഹത്വം പുതുതലമുറകൾക്കു പകർന്നുനൽകിയ അബ്ദുൾ അസീസ് മരിക്കുംവരെ തൊഴിലിൽ കർമനിരതനായിരുന്നു. വീടിനോടുചേർന്നുള്ള വാഴപ്പഴക്കടയുടെ മുഖ്യ ചുമതലക്കാരനായിരുന്നു.
കടയെന്നു പറഞ്ഞാൽ ഒരു സൂപ്പർമാർക്കറ്റ് പോലെയാണ്. സ്റ്റേഷനറി, ബേക്കറി, പലചരക്ക്, പച്ചക്കറികൾ, വാഴപ്പഴങ്ങൾ തുടങ്ങി കടയിൽ കിട്ടാത്തതൊന്നും തന്നെയില്ല.
രാവിലെ തുടങ്ങുന്ന അബ്ദുൾ അസീസിന്റെ പണികൾക്ക് ശമനമാകണമെങ്കിൽ രാത്രിയാകും. ഇതിനിടയ്ക്ക് അഞ്ചുനേരത്തെ നിസ്കാരസമയത്തുമാത്രമാണ് കടയിൽനിന്നു മാറിനിൽക്കുക.
ആശുപത്രി വീടിനു മുന്നിലാണെങ്കിലും ആ സ്ഥാപനവുമായി വലിയ അടുപ്പമൊന്നും അബ്ദുൾ അസീസ് ചെറുപ്പം മുതലേ കാണിക്കാറില്ല. നൂറു കടന്നും തൊഴിലിൽ സജീവമായി നിൽക്കുന്ന ഇക്കയെക്കുറിച്ച് ദീപിക വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
