മൂവാറ്റുപുഴ: മസ്ജിദിന്റെ മുറ്റത്ത് കൗതുക കാഴ്ചയായി ഈന്തപ്പനക്കുലകള്‍. പേഴയ്ക്കാപ്പള്ളി സെന്‍ട്രല്‍ ജുമാ മസ്ജിദിന്റെ മുറ്റത്താണ് ഓറഞ്ച് നിറത്തില്‍ അത്യാകര്‍ഷകമായി ഈന്തപ്പനക്കുലകള്‍ കായ്ച്ചു പഴുത്തുനില്‍ക്കുന്നത്.
ആറു വര്‍ഷങ്ങള്‍ക്ക് മുന്‍പ് പള്ളി നവീകരണത്തിന്റെ ഭാഗമായി തൃശൂര്‍ മണ്ണുത്തിയില്‍നിന്ന് എത്തിച്ച് ഏഴ് ഈന്തപ്പന തൈകളാണ് പള്ളിമുറ്റത്ത് വച്ചുപിടിപ്പിച്ചത്.
ഇവയാണ് വര്‍ഷങ്ങള്‍ക്കിപ്പുറം കായ്ച്ചുനില്‍ക്കുന്നത്. ഇതിൽ ഒരെണ്ണം കഴിഞ്ഞവര്‍ഷം കായ്ച്ചിരുന്നു. പ്രകൃതിദത്തമായ അതിജീവന ശേഷിയുള്ള ഈന്തപ്പനകള്‍ക്ക് പ്രത്യേകിച്ച് വെള്ളമോ വളമോ നല്‍കേണ്ടി വന്നിട്ടില്ല.
റോഡിലൂടെ സഞ്ചരിക്കുന്ന യാത്രക്കാരും, പള്ളിയിലെത്തുന്ന വിശ്വാസികളും പള്ളിമുറ്റത്ത് ഓറഞ്ച് നിറത്തില്‍ പഴുത്തു നില്ക്കുന്ന ഈന്തപ്പനക്കുലകളുടെ ഭംഗി ആസ്വദിക്കുകയും ഫോട്ടോ എടുക്കുകയും ചെയ്യുന്നുണ്ട്.
