വ്യവസായിയും സിനിമാ നിർമാതാവുമായ കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ റോയ്യെ അനുസ്മരിച്ച് സംവിധായകൻ അഖിൽ മാരാർ. അറിഞ്ഞോ അറിയാതെയോ തന്നെ അനുഗ്രഹിച്ച റോയിയെ കുറിച്ച് സംസാരിക്കുകയാണ് എന്ന് പറഞ്ഞ് അഖിൽ വീഡിയോ പങ്കുവച്ചു.
അഖിലിന്റെ വാക്കുകൾ…
‘എത്രയൊക്കെ നമ്മൾ തള്ളിപ്പറഞ്ഞാലും മരണമെന്ന പരമമായ സത്യം നമ്മളെയും നമുക്ക് വേണ്ടപ്പെട്ടവരെയും തേടിവരും. പക്ഷേ നമുക്കത് ഒരിക്കലും ഉൾക്കൊള്ളാനോ ആ യാഥാർഥ്യത്തെ അംഗീകരിക്കാനോ കഴിയില്ല.
പല മരണങ്ങളും നമുക്ക് മുന്നിലൂടെ സംഭവിക്കുമ്പോൾ അതെല്ലാം നമ്മളെ ഞെട്ടിപ്പിക്കുകയാണ്. പല മരണങ്ങൾ കേൾക്കുമ്പോഴും നമ്മൾ പറയാറുണ്ട് ‘അയ്യോ സത്യത്തിൽ ഞെട്ടിപ്പോയി’ എന്നൊക്കെ യഥാർഥ്യത്തിൽ കുറെയൊക്കെ നമ്മൾ അങ്ങനെ പറയുകയാണ്. പക്ഷേ അക്ഷരാർഥത്തിൽ ഞെട്ടിപ്പോയ,ഷോക്കായി പോയ മരണമായിരുന്നു ഡോ. റോയ് സിജെ സാറിന്റെ ആത്മഹത്യ.
മുൻപ് സുശാന്ത് സിംഗിന്റെ മരണം എന്നെ ഞെട്ടിച്ചിട്ടുണ്ട്. സ്വാഭാവികമായിരുന്നുവെങ്കിലും അബ്ദുൾ കലാം സാറിന്റെ മരണവും എന്നെ വേദനിപ്പിച്ചിട്ടുണ്ട്. ഇവരൊന്നും പ്രത്യക്ഷത്തിൽ നമ്മളുമായി യാതൊരു ബന്ധവും ഇല്ലാത്തവരാണ്. എവിടെ ഒക്കെയോ നമ്മൾ കണ്ട മുഖങ്ങൾ മാത്രമാണ്. പക്ഷേ അവരുടെ മരണങ്ങൾ നമുക്ക് വേദന സമ്മാനിക്കും.
എന്താണ് ഡോക്ടര്‍ റോയി സിജെ സാറിന്റെ മരണം എന്നെ ഇത്ര വിഷമിപ്പിച്ചതെന്ന് ചോദിച്ചാല്‍, എനിക്ക് പ്രത്യക്ഷത്തില്‍ അദ്ദേഹവുമായി ബന്ധമൊന്നുമില്ല. ബിഗ് ബോസിന് ശേഷം അദ്ദേഹത്തെ കണ്ടിട്ടുമില്ല. പക്ഷെ ഒരു സമയത്ത് ഒന്നുമല്ലാതിരുന്നവന്റെ അക്കൗണ്ടിലേക്ക് 50 ലക്ഷം രൂപ സമ്മാനമായി നല്‍കിയയാള്‍. കഴിഞ്ഞ 18 വര്‍ഷമായി വിവിധ റിയാലിറ്റി ഷോകള്‍ക്ക് സമ്മാനങ്ങള്‍ നല്കിയ മനുഷ്യന്. എന്നെപ്പോലെ ഒരുപാട് പേര്‍ക്ക് സമ്മാനങ്ങള്‍ നല്കി അവരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടു വന്ന മനുഷ്യന്.
എന്നെ സംബന്ധിച്ച് പണ്ട് ഒരു ക്രെഡിറ്റ് കാര്‍ഡ് എടുത്തിട്ട് 15000 രൂപ തിരിച്ചടയ്ക്കാന്‍ പറ്റാതെ അത് ബാധ്യതയായി മാറി പോയവനാണ്. ചെറിയ ലോണെടുത്തിട്ട് വര്‍ഷത്തില്‍ പതിനായിരം പോലും തിരിച്ചടയ്ക്കാന്‍ പറ്റാതെ പോയവനാണ്. ബാധ്യതയില്‍ പെട്ടുപോയവനാണ്. അങ്ങനെ ഒരുവനായ എന്റെ അക്കൗണ്ടിലേക്ക് 50 ലക്ഷം രൂപ സമ്മാനിച്ച് എന്നെ അനുഗ്രഹിച്ച, എന്റെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണക്കാരനായ ലക്ഷ്മി ദേവിയുടെ അനുഗ്രഹം പോലെ, വലിയ മനുഷ്യനാണ് എന്നെ സംബന്ധിച്ച് അദ്ദേഹം.
ആ മനുഷ്യന്റെ അപ്രതീക്ഷിതമായ വിയോഗം മറ്റുള്ളവരേക്കാള്‍ ഞെട്ടലുണ്ടാക്കിയതാണ്. ഈ മനുഷ്യനാണ് എന്റെ ജീവിതത്തില്‍ മാറ്റം കൊണ്ടു വന്നത്. ചിലര്‍ കൈനീട്ടം തന്നാല്‍ വലിയ ഭാഗ്യമാണെന്നാണ് പറയുക. ഇത്തരം റിയാലിറ്റി ഷോകള്‍ക്ക് സമ്മാനം നല്‍കുക എന്നത് ഒരിക്കലും കോര്‍പ്പറേറ്റ് തീരുമാനമാകില്ല, റോയ് സിജെ എന്ന മനുഷ്യന്റെ തീരുമാനം തന്നെയാകും. അതുപോലെ സിനിമകള്‍ നിര്‍മിക്കുകയും കലാകാരന്മാരെ സഹായിക്കുകയും ചെയ്തു.
അങ്ങനൊരു മനുഷ്യന് എന്തുകൊണ്ടാണ് മരിച്ചതെന്ന് അറിയാത്ത സാഹചര്യം സമൂഹത്തിന് ഉണ്ടാവുക. ഉദ്യോഗസ്ഥരുടെ പീഡനമാണോ, രാഷ്ട്രീയ സമ്മര്‍ദ്ദമാണോ, മറ്റെന്തെങ്കിലും കാരണമാണോ? എന്ത് കാരണമാകാം അദ്ദേഹത്തെപ്പോലൊരു മനുഷ്യന് ഒരു നിമിഷം താന്‍ ഇനി ഈ ഭൂമിയില്‍ വേണ്ടെന്ന തീരുമാനം എടുപ്പിച്ചത്? വലിയൊരു നഷ്ടമാണ് ബിസിനസ് മേഖലയിലും കോണ്‍ഫിഡന്റ് ഗ്രൂപ്പിനും ഉണ്ടായിരിക്കുന്നത്. കുടുംബാംഗങ്ങളുടെ വലിയ വേദനയില്‍ ഞാനും പങ്കുചേരുന്നു. ജീവിച്ചിരുന്നുവെങ്കില്‍ ഒരുപാട് പേര്‍ക്ക് പ്രയോജനപ്പെടേണ്ട ആളായിരുന്നു.
