തിരുവനന്തപുരം: വ്യവസായി സി.ജെ. റോയ്യുടെ മരണത്തില്‍ ജൂഡീഷല്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്രധനകാര്യമന്ത്രി നിര്‍മല സീതാരാമന് കത്തയച്ചു.ഭരണഘടന കോടതിയില്‍ പ്രവര്‍ത്തിച്ച് പരിചയസമ്പന്നനായ ജഡ്ജിയുടെ നേതൃത്വത്തിലായിരിക്കണം അന്വേഷണം നടത്തേണ്ടതെന്നും സമയബന്ധിതമായി അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും മുഖ്യമന്ത്രി കത്തിലൂടെ ആവശ്യപ്പെട്ടു. ജൂഡീഷ്യല്‍ അന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ ഉടന്‍ ഉത്തരവിടണം.’
നിയമപരമായ നടപടികളൊ പ്രോട്ടോക്കോളോ പാലിക്കാതെയാണ് ഇന്‍കംടാക്സ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്. റെയ്ഡ് നടക്കുമ്പോള്‍ രണ്ട് സാക്ഷികളുടെ സാന്നിധ്യം അനിവാര്യമാണ്. എന്നാല്‍ ഇതൊന്നും പാലിക്കപ്പെട്ടില്ല. ഐടി ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ട രേഖകള്‍ എല്ലാം റോയ് സമര്‍പ്പിച്ചിട്ടും അദ്ദേഹത്തെ മാനസികമായി പീഡിപ്പിച്ചെന്നാണ് കുടുംബാംഗങ്ങള്‍ ആരോപിച്ചത്. നിയമപരമായ നടപടിക്രമങ്ങള്‍ പാലിച്ചാണ് റെയ്ഡ് നടത്തിയതെന്ന ഔദ്യോഗിക വിശദീകരണത്തില്‍ വിശ്വാസ്യതയില്ലെന്നും മുഖ്യമന്ത്രി കേന്ദ്രമന്ത്രിക്ക് അയച്ച കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.’
ആത്മഹത്യാക്കുറിപ്പ് കിട്ടിയെന്ന് റിപ്പോര്‍ട്ട്
ബംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോക്ടർ സി . ജെ. റോയ് ആത്മഹത്യ ചെയ്യാൻ നേരത്തെ തീരുമാനിച്ചിരുന്നെന്ന് സംശയം. ഒമ്പത് പേജുള്ള ആത്മഹത്യാക്കുറിപ്പ് കുടുംബാംഗങ്ങൾക്ക് ലഭിച്ചതായി റിപ്പോർട്ടുകൾ. ജനുവരി 31ന് സഹോദരനെ വിളിച്ചത് ജീവനൊടുക്കാൻ തീരുമാനിച്ച ശേഷമാണ് എന്നാണ് സൂചന. ആദായനികുതി വകുപ്പിന്റെ ഇടപെടലിൽ റോയ് സമ്മർദത്തിലായിരുന്നു.
അതേസമയം, പ്രത്യേക സംഘം അന്വേഷണം ഊർജിതമാക്കി. അന്വേഷണസംഘം ഐടി ഉദ്യോഗസ്ഥരെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കും. പ്രാഥമിക വിവരശേഖരണം മാത്രമാണ് ഇന്നലെ നടത്തിയതെന്ന് എസ്ഐടി അറിയിച്ചു. ബംഗളൂരു വിട്ടു പോകരുതെന്ന് ഐടി ഉദ്യോഗസ്ഥരോട് രേഖാമൂലം നിർദ്ദേശം നൽകി.
സി.ജെ. റോയ് യുടെ മൃതദേഹം ഇന്നലെ ബംഗളൂരുവിൽ സംസ്കരിച്ചു.
സംസ്കാര ചടങ്ങുകൾക്കു പിന്നാലെ കുടുംബത്തിന്റെ നിലപാട് വ്യക്തമാക്കി സഹോദരൻ സി.ജെ. ബാബു രംഗത്തെത്തി. കമ്പനിയുടെ എല്ലാ പ്രോജക്ടുകളും മുൻനിശ്ചയിച്ച പ്രകാരം തന്നെ തുടരുമെന്നും കേരളത്തിലെ ചുമതലയുള്ള ജോസഫും റോയിയുടെ മകൻ രോഹിത്തും ചേർന്ന് ഇനി കമ്പനിയെ നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
റോയിക്ക് കടബാധ്യതകളോ മറ്റ് സാമ്പത്തിക പ്രശ്നങ്ങളോ ഉണ്ടായിരുന്നില്ലെന്നും മരണവുമായി ബന്ധപ്പെട്ട കുടുംബത്തിന്റെ ആശങ്കകൾ പോലീസിനെ അറിയിച്ചിട്ടുണ്ടെന്നും ബാബു പറഞ്ഞു. കർണാടക പൊലീസ് അന്വേഷണത്തിൽ തൃപ്തി രേഖപ്പെടുത്തിയ അദ്ദേഹം, തന്നെ മൂന്ന് തവണ വിളിച്ചിരുന്നെന്നും കൂട്ടിച്ചേർത്തു.
