പരവൂർ: കൊങ്കൺ റെയിൽവേയിൽ യാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കുന്ന കാര്യത്തിൽ രാജ്യത്തിന് മാതൃകയായി ആർപിഎഫ്.2025 ൽ റെയിൽവേ സംരക്ഷണസേന മികച്ച പ്രവർത്തനമാണ് കാഴ്ചവച്ചതെന്ന് അധികൃതർ അറിയിച്ചു.കഴിഞ്ഞ ഒരു വർഷത്തിനിടയിൽ 252 യാത്രക്കാരുടെ 122.48 ലക്ഷം രൂപ വിലമതിക്കുന്ന നഷ്ടപ്പെട്ട സാധനങ്ങൾ വിജയകരമായി കണ്ടെത്തി ഉടമകൾക്ക് തിരികെ നൽകി.
ബാലവേല അടക്കമുള്ള അനധികൃത നടപടികൾ ലക്ഷ്യമിട്ട് ട്രെയിനുകളിൽ കടത്തി കൊണ്ടുവന്ന പ്രായപൂർത്തിയാകാത്ത 98 കുട്ടികളെ രക്ഷപ്പെടുത്തി. മാത്രമല്ല ബന്ധപ്പെട്ട അധികൃതരുടെ സഹായത്തോടെ അവരുടെ സുരക്ഷിതമായ പുനരധിവാസം ഉറപ്പാക്കുകയും ചെയ്തു.
ചില കുട്ടികളെ അവരുടെ ബന്ധുക്കളെ കണ്ടെത്തി തിരിച്ചേൽപ്പിക്കുകയും ചെയ്തു. കൊങ്കൺ റെയിൽവേയിൽ ആർപിഎഫിന് ഏറ്റവും വലിയ തലവേദന സൃഷ്ടിച്ചിരുന്നത് സംഘടിതമായ മദ്യക്കടത്ത് ആയിരുന്നു. ഇതിന് ഒരു പരിധിവരെ തടയിടാൻ സേനയുടെ കർക്കശമായ പരിശോധനകൾക്ക് കഴിഞ്ഞതായും ഉദ്യോഗസ്ഥർ പറഞ്ഞു.
ഇത്തരത്തിൽ കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് കടത്തിക്കൊണ്ടുവന്ന 6,877 കുപ്പി മദ്യം ആർപിഎഫിന് പിടിച്ചെടുക്കാൻ സാധിച്ചു. സ്ഥിരമായി മദ്യക്കടത്തിൽ ഏർപ്പെട്ടിരുന്ന 65 പേരെ അറസ്റ്റ് ചെയ്തു.ഓപ്പറേഷൻ ജീവൻ രക്ഷയ്ക്ക് കീഴിൽ നാല് യാത്രക്കാരെ അപകടത്തിൽ നിന്ന് രക്ഷിക്കാനും സേനയ്ക്ക് സാധിച്ചു.
ലഗേജ് മോഷണക്കേസുകളിൽ ഉൾപ്പെട്ട 40 പേരെ അറസ്റ്റ് ചെയ്തു.
മോഷ്ടാക്കളിൽ ചിലരെ ഉദ്യോഗസ്ഥ സംഘം അന്യ സംസ്ഥാനങ്ങളിൽ പോയി സാഹസികമായാണ് പിടികൂടിയത്. 48.67 ലക്ഷം രൂപ വിലമതിക്കുന്ന മോഷ്ടിച്ച വസ്തുവകകൾ വീണ്ടെടുത്തതായും ആർപിഎഫ് ഉദ്യോഗസ്ഥർ പറഞ്ഞു.
