ഭാവന നായികയായി റിയാസ് മാരത്ത് കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന അനോമി ഇന്ന് തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്. ടീ -സീരിസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഭാവന പ്രൊഡക്ഷൻസിന്റെ ബാനറിൽ ഭാവനയും ചിത്രത്തിന്റെ നിർമാണ പങ്കാളിയാണ്. ചിത്രത്തിന്റെ നിർമാണത്തിൽ നിന്ന് കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ അന്തരിച്ച സി. ജെയ റോയ് പിൻമാറിയ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ഭാവന. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്.
“ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായതിന് ശേഷമാണ് ഞാൻ പ്രൊഡ്യൂസർ ആകാനുള്ള തീരുമാനം എടുത്തത്. അവർ ഇതിനകം ചെയ്തുവച്ച ജോലിയുടെ ക്വാളിറ്റിയിലുണ്ടായിരുന്ന ആത്മവിശ്വാസമാണ് എന്നെ പ്രൊഡക്ഷൻ ടീമിലേക്ക് എത്തിച്ചത്. ആദ്യം ഞാൻ ഒരു നടിയായി മാത്രമാണ് ഈ പ്രൊജക്ടിൽ എത്തിയത്. പിന്നീട് നിർമാണത്തിന്റെ ഭാഗമാവുകയായിരുന്നു.
അനോമിയിൽ നിന്ന് സി. ജെ റോയ് പിന്മാറിയതല്ല. 2025-ലാണ് റോയ് സാർ ഈ ചിത്രത്തിന്റെ നിർമാണ സംഘത്തിൽ ചേരുന്നത്. അപ്പോൾ തന്നെ ബ്ലിറ്റ്സ് ക്രീഗ് ഫിലിംസും എപികെ സിനിമയും ഞാനും പ്രൊഡക്ഷന്റെ ഭാഗമായിരുന്നു. റോയ് സാർ ഈ ചിത്രത്തിൽ ഒരു തുക ഇൻവെസ്റ്റ് ചെയ്തിരുന്നു. പിന്നീട് പനോരമയും ടീ -സീരീസും നിർമാതാക്കളായി എത്തിയപ്പോൾ, അവർക്ക് വലിയ ഷെയർ ആവശ്യമായി വന്നു. അതിന്റെ ഭാഗമായി ചില ഇൻവസ്റ്റേഴ്സിനെ ബൈഔട്ട് ചെയ്യുകയായിരുന്നു. അങ്ങനെ റോയ് സാർ നിക്ഷേപിച്ച പണം തിരികെ നൽകി, അദ്ദേഹം പ്രൊഡക്ഷനിൽ നിന്ന് ഒഴിവായി’ എന്ന് ഭാവന പറഞ്ഞു.
