കാഞ്ഞങ്ങാട്: ഒരു കാലത്ത് ട്രെയിൻ യാത്രക്കാർക്കു മുന്നിൽ കാഞ്ഞങ്ങാടിന്റെ ഏറ്റവും വലിയ അടയാളങ്ങളിലൊന്നായിരുന്നു മഞ്ഞുകാലത്ത് റെയിൽപാതയുടെ ഇരുവശങ്ങളിലും പൂത്തുനിൽക്കുന്ന വെള്ളത്താമരകൾ. റെയിൽവേ സ്റ്റേഷന്റെ തെക്കുഭാഗത്തുനിന്ന് തുടങ്ങി കാഞ്ഞങ്ങാട് സൗത്ത് വരെയുള്ള ഭാഗത്തെ തണ്ണീർത്തടങ്ങളിലെല്ലാം വെള്ളത്താമരകൾ നിറഞ്ഞിരുന്നു.
ഹൊസ്ദുർഗ് നിത്യാനന്ദാശ്രമം പരിസരത്തെ ചതുപ്പുപ്രദേശങ്ങളായിരുന്നു ഇതിന്റെ പ്രധാന കേന്ദ്രം. താമരയുടെ ഇലകൾക്കിടയിലൂടെ നടന്നുനീങ്ങുന്ന താമരക്കോഴി എന്നറിയപ്പെടുന്ന പ്രത്യേക ഇനം കുളക്കോഴികളും ഇവിടുത്തെ പതിവുകാഴ്ചയായിരുന്നു.
കാലക്രമത്തിൽ ചതുപ്പുകൾ നികത്തിയും ഉണങ്ങിയ താമരവള്ളികൾക്ക് തീയിട്ടും നശിപ്പിക്കപ്പെട്ടതോടെ ഓരോ വർഷവും വിരിയുന്ന താമരപ്പൂക്കളുടെ എണ്ണം കുറഞ്ഞു. ചതുപ്പുകളിൽ പായലുകൾ വന്നു നിറഞ്ഞതും വെള്ളത്താമരകൾക്ക് വിനയായി.
കാഞ്ഞങ്ങാട് സൗത്ത് ജിവിഎച്ച്എസ്എസിലെ ഏഴാം ക്ലാസ് വിദ്യാർഥികളായ എം. ശിഖയും നിദ ഫാത്തിമയും കഴിഞ്ഞ വർഷം സംസ്ഥാന ജൈവവൈവിധ്യ ദിനത്തോടനുബന്ധിച്ച് ഒരു പ്രോജക്ട് തയാറാക്കാനായി തെരഞ്ഞെടുത്തത് ഈ വിഷയമാണ്.
അധ്യാപകനായ പി. ദിലീപ് കുമാറിന്റെ സഹായത്തോടെ കുട്ടികൾ വെള്ളത്താമരകളുടെ എണ്ണത്തിലുണ്ടായ കുറവിനെക്കുറിച്ച് ഗവേഷണം നടത്താനെത്തിയപ്പോഴാണ് നാട്ടുകാരും വിവിധ ക്ലബുകളും സംഘടനകളും ഈയൊരു കാര്യം ഗൗരവമായി ചിന്തിക്കുന്നത്.
വെള്ളത്താമരകൾ സമൃദ്ധമായിരുന്ന കാലത്ത് പ്രദേശത്തെ ജലാശയങ്ങളോ കിണറുകളോ വറ്റാറില്ലെന്ന് പ്രായം ചെന്നവർ കുട്ടികളോട് പറഞ്ഞിരുന്നു. പായലുകളുടെ അധിനിവേശവും ജലമലിനീകരണവുമെല്ലാം സൃഷ്ടിച്ച പ്രശ്നങ്ങളെക്കുറിച്ച് നാടിനെ ഉണർത്താൻ ഇവരുടെ ഗവേഷണം തുണയായി.
സംസ്ഥാന ജൈവവൈവിധ്യ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടന്ന സെമിനാറിൽ വെള്ളത്താമരകളെക്കുറിച്ച് ശിഖയും നിദയും അവതരിപ്പിച്ച പ്രോജക്ടിന് എ ഗ്രേഡ് ലഭിക്കുകയും ചെയ്തു.
