തലശേരി: ക്രിക്കറ്റ് കമന്ററിയിൽ വിസ്മയമായി മാറിയ തലശേരി വടക്കുമ്പാടിലെ സാത്വിക്നാഥ് ഏറ്റവും പ്രായം കുറഞ്ഞ ക്രിക്കറ്റ് കമന്റേറ്ററായി ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്സിലും ഇടംനേടി. ഇംഗ്ലീഷ് ഹിന്ദി തുടങ്ങിയ ഭാഷകൾ കൈകാര്യം ചെയ്യാനും പത്ത് വയസുകാരന് യഥേഷ്ടം സാധിക്കും.
കാർട്ടൂണുകൾ കണ്ട് തുടങ്ങി ഭാഷാ പ്രാവീണ്യം നേടിയ സാത്വിക്നാഥ് , ക്രിക്കറ്റ് കളിക്കാരനായ അച്ഛൻ ശ്രീനാഥിന്റെ കൂടെ നാട്ടിലെ തൂവക്കുന്ന് ബ്രദേർസ് എന്ന ക്രിക്കറ്റ് ടൂർണമെന്റിനിടെ കമന്ററി പറഞ്ഞതോടെയാണ് തുടക്കം. ഏവരിലും ശ്രദ്ധ ചെലുത്തിയ ആ കമന്ററി പിന്നീട് സാത്വികിന്റെ ഭാവിയെ തന്നെ മാറ്റി മറിക്കുന്നതായി.
കെസിഎ എലൈയ്ഡ് ക്രിക്കറ്റ് ടൂർണമെന്റ്, കോടിയേരി ബാലകൃഷ്ണൻ മെമ്മോറിയൽ വുമൻസ് ട്വന്റി -20 തുടങ്ങി പ്രധാന ടൂർണമെന്റുകൾക്ക് ഉൾപ്പെടെ കമന്ററി പറഞ്ഞു കഴിഞ്ഞു.2025 ഫെബ്രുവരി രണ്ടിന് ഔദ്യോഗികമായി കമന്ററി ബോക്സിലെത്തിയ സാത്വിക്, കളിയോടുള്ള ആഴത്തിലുള്ള അറിവും തന്മയത്വത്തോടെയുള്ള അവതരണവുമാണ് കാഴ്ചവച്ചത്. അമ്മ ശരണ്യയുടെയും കൊച്ചനുജത്തി സായ ഗ്രീനാഥിന്റേറെയും വലിയ പിന്തുണയും സാത്വികിനുണ്ട്.
സാത്വികിന്റെ കഴിവും ക്രിക്കറ്റ് കളിയുടെ ആഴത്തിലുള്ള അറിവും കമന്ററി പറയുന്നതിലെ പ്രതിബദ്ധതയും താത്പര്യവും മുൻനിർത്തിയാണ് നിലവിൽ ഏറ്റവും പ്രായം കുറഞ്ഞ ക്രിക്കറ്റ് കമന്റേറ്റർ എന്ന ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ സാത്വിക് നാഥ് ഇടംപിടിച്ചത്.
