കണ്ണൂര്‍: വിവാദ വെളിപ്പെടുത്തലിനെ തുടര്‍ന്ന് സിപിഎം പുറത്താക്കിയ സിപിഎം ജില്ലാ കമ്മിറ്റിയംഗമായിരുന്ന വി. കുഞ്ഞികൃഷ്ണന് വെളിപ്പെടുത്തിയ കണക്കുകള്‍ ശരിയായിരുന്നെന്നും സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന്റെ കണക്കുകള്‍ സംബന്ധിച്ചുള്ള പത്രസമ്മേളനത്തിലെ വിശദീകരണം തെറ്റായിരുന്നെന്നുമുള്ള വിവരങ്ങള്‍ പുറത്ത്. കുഞ്ഞിക്കൃഷ്ണന് മുമ്പ് ഏരിയ കമ്മിറ്റിയില്‍ അവതരിപ്പിച്ച കണക്കിന് ശേഷം പാര്‍ട്ടി നിയോഗിച്ച സഹകരണ ജീവനക്കാരുടെ പരിശോധനാ റിപ്പോര്‍ട്ടിലാണ് ധനാപഹരണം നടന്നതായുള്ള തെളിവുള്ളത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് പയ്യന്നൂര്‍ സിപിഎമ്മിലെ ഫണ്ട് തട്ടിപ്പിന്റെ വിവരങ്ങള്‍ കുഞ്ഞികൃഷ്ണന് കമ്മിറ്റിയില്‍ വച്ചതിന്ശേഷം ഇക്കാര്യങ്ങള്‍ കൂടുതലായി പരിശോധിക്കുന്നതിന് നേതൃത്വ നിരയിലുള്ള രണ്ടുപേരെ പാര്‍ട്ടി നിയോഗിക്കുകയായിരുന്നു. ഇവര്‍ പരിശോധിച്ച് തയാറാക്കി ഒപ്പിട്ട് ഏരിയ കമ്മിറ്റിക്ക് നല്കിയ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നത്.
പയ്യന്നൂര്‍ സിപിഎമ്മില്‍ സാമ്പത്തിക ക്രമക്കേട് നടന്നതായുള്ള ഈ കണ്ടെത്തലും മറച്ചുവച്ചായിരുന്നു ജില്ലാ സെക്രട്ടറി പത്രസമ്മേളനം നടത്തിയത്. വരവു-ചെലവു കണക്കുകള്‍ അന്തിമമായി അവതരിപ്പിക്കുന്നതിനായി പല കണക്കുകളും സൂക്ഷിച്ച് വച്ചിട്ടില്ല എന്ന് അടിവരയിട്ടുള്ള വെളിപ്പെടുത്തല്‍ കൂടിയാണ് പുറത്തുവന്ന രേഖകളിലുള്ളത്.
ഏരിയ കമ്മിറ്റി ഓഫീസ് കെട്ടിട നിര്‍മാണ ഫണ്ടിലേക്ക് ധനരാജ് രക്തസാക്ഷി ഫണ്ടില്‍നിന്നും 35 ലക്ഷം രൂപ വകമാറ്റിയതായി ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. (ഏരിയ കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യാതെ ഈ ഫണ്ടില്‍നിന്നും കെട്ടിട നിര്‍മാണത്തിനായി 35 ലക്ഷം രൂപ വകമാറ്റിയതായും സഹകരണ ജീവനക്കാരുടെ ഒരുമാസത്തെ വേതനമായ 70 ലക്ഷത്തോളം രൂപ കണക്കില്‍ വരവ് കാണിച്ചിട്ടില്ലെന്നും കുഞ്ഞികൃഷ്ണന് വെളിപ്പെടുത്തിയിരുന്നു.
അതുള്‍പ്പെടെ 4,76,35,851 രൂപ വരവും 4,61,50,907 രൂപ ചെലവും കണക്കാക്കിയ ഫണ്ടില്‍നിന്നും 14,84,944 രൂപ കാണാനുണ്ടെന്നും ഇതിനായി നിയോഗിക്കപ്പെട്ടവര്‍ കണ്ടെത്തിയിരുന്നു. സമ്മേളന തീയതിക്ക് മുമ്പാണ് പണം ചെലവാക്കിയതെന്ന് ബാങ്ക് ഇടപാടുകളും കണക്കുകളും വ്യക്തമാക്കുന്നതെന്നും പരിശോധനാ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നു.
ധനരാജ് ഫണ്ട് പലിശയുള്‍പ്പെടെ 98,90,041 രൂപയാണെന്നും ഇതില്‍നിന്നും 34,25,000 രൂപ പിന്‍വലിച്ചതില്‍ വീട് നിര്‍മാണത്തിനായി 29,25,000 രൂപയാണ് കരാറുകാരന് ഉണ്ണിക്ക് നല്‍കിയതെന്നും രേഖയിലുണ്ട്. അഞ്ചുലക്ഷം രൂപ ഏരിയ കമ്മിറ്റി അക്കൗണ്ടിലേക്ക് മാറ്റിയശേഷം ഇതില്‍നിന്ന് 2018 ജൂലൈ 24ന് 118611 ചെക്ക് പ്രകാരം രണ്ടുലക്ഷം രൂപയും അന്നുതന്നെ 118612 നമ്പര്‍ ചെക്ക് പ്രകാരം മൂന്നുലക്ഷം രൂപയും കെ.പി. മധു പിന്‍വലിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. നാല് സ്ഥിരനിക്ഷേപത്തില്‍നിന്ന് പലിശയായി ലഭിച്ച 42,844 രൂപ കെ.പി. മധുവിന്റെതന്നെ വ്യക്തിപരമായ അക്കൗണ്ടിലേക്ക് മാറ്റിയതായും ഇതില്‍ ചേര്‍ത്തിരിക്കുന്നു.
ചുരുക്കത്തില്‍ കുഞ്ഞികൃഷ്ണന് കണ്ടെത്തിയതും മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയതുമായ ഒരു കോടിയോളം രൂപ കാണാനില്ലെന്ന് അടിവരയിട്ട് ഉറപ്പിക്കുന്നതാണ് പാര്‍ട്ടി നിയോഗിച്ച ഓഡിറ്റര്‍മാരുടെ കണക്കുകളും വ്യക്തമാക്കുന്നത്. ഈ വസ്തുതകള്‍ മറച്ചുവച്ചും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെയും ഉരുണ്ടുകളിച്ച ജില്ലാ സെക്രട്ടറി പാര്‍ട്ടിക്ക് പണമൊന്നും നഷ്ടപ്പെട്ടിട്ടില്ല എന്ന പഴയ പല്ലവിതന്നെ ആവര്‍ത്തിക്കുകയായിരുന്നു. ഇദ്ദേഹം പാര്‍ട്ടി സെക്രട്ടറിയുടെ പദവി മറന്ന് കുറ്റവാളികളുടെ സെക്രട്ടറിയായി മാറുകയായിരുന്നുവെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
