വടക്കഞ്ചേരി: അനുകൂല കാലാവസ്ഥയിൽ തേൻ ഉത്പാദനത്തിൽ വലിയ പ്രതീക്ഷ പുലർത്തിയിരുന്ന കർഷകർക്ക് റബർമരത്തിലെ ഇലക്കേടിൽ ആശങ്ക. കേടിനെതുടർന്ന് രണ്ടാമതും ഇലകൊഴിയുന്നതാണ് തേൻകർഷകരെ വിഷമിപ്പിക്കുന്നത്.
സ്വാഭാവിക ഇലകൊഴിച്ചിലിനു പുറമെയാണിത്. ഇലകളെല്ലാം ഇനി കൊഴിഞ്ഞ് വീണ്ടും തളിരിടുമ്പോഴാണ് ഇലത്തണ്ടുകളിൽ തേനുണ്ടാവുകയുള്ളുവെന്നു കുലത്തൊഴിലായി റബർതോട്ടങ്ങളിൽ ഈച്ചപ്പെട്ടികൾ സ്ഥാപിച്ച് തേൻശേഖരണം നടത്തുന്ന തിരുവനന്തപുരത്തിനടുത്ത് മാർത്താണ്ഡം അരുമനയിൽനിന്നുള്ള ജയൻ പറഞ്ഞു.
പൂർവികരായി ഇവർ മംഗലംഡാം മേഖലയിലെ റബർതോട്ടങ്ങളിൽ തേനീച്ചപ്പെട്ടികൾ സ്ഥാപിച്ച് തേൻ ശേഖരിക്കുന്നവരാണ്.മംഗലംഡാം, കാക്കഞ്ചേരി, വക്കാല, പൊൻകണ്ടം, വീഴ്ലി പ്രദേശങ്ങളിലായി എഴുന്നൂറിലേറെ ഈച്ചപ്പെട്ടികൾ ഇവർ മാത്രം സ്ഥാപിച്ചിട്ടുണ്ട്.
ആലപ്പുഴ ജില്ലയിലൊഴികെ റബർ മരങ്ങളുള്ള എല്ലാ ജില്ലകളിലും കന്യാകുമാരി ജില്ലയിൽ നിന്നുള്ളവർ തേനീച്ച കർഷകരായി കേരളത്തിലുണ്ട്. അങ്കമാലിയിൽ നിന്നുള്ളവരും മംഗലംഡാമിലുണ്ട്. ചില സമയങ്ങളിലുണ്ടാകുന്ന ശക്തമായകാറ്റും തേനീച്ചകളുടെ തേൻ ശേഖരത്തിനു ബുദ്ധിമുട്ടുണ്ടാക്കുന്നു.
കാറ്റിൽ തേനീച്ചകളുടെ സഞ്ചാരവഴികൾതെറ്റി ഈച്ചപ്പെട്ടിയിൽ തിരിച്ചെത്താനാകാതെ അവ നശിക്കുകയോ മറ്റു സ്ഥലങ്ങളിലേയ്ക്കു മാറിപ്പോവുകയോ ചെയ്യുമെന്നു ഇവർ പറയുന്നു.
കൂട്ടിൽനിന്നും ഒരുകിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശത്തു നിന്നെല്ലാം തേനീച്ചകൾ തേൻ ശേഖരിച്ച് കൊണ്ടു വരും. മറ്റു തൊഴിൽ മേഖലപ്പോലെ തേനീച്ച പരിചരണം, തേൻ എടുക്കൽ തുടങ്ങിയ പണികൾക്ക് ആളുകളെ കിട്ടാത്ത സ്ഥിതിയും വ്യവസായികാടിസ്ഥാനത്തിൽ തേൻ ഉത്പാദനം നടത്തുന്ന തേനീച്ച കർഷകരെ അലട്ടുന്നുണ്ട്.
സീസണിൽ മൂന്നുമാസത്തെ പണിയാണുണ്ടാവുക. മഴക്കാലത്ത് ഈച്ചകൾക്ക് പഞ്ചസാര ലായനി കൊടുക്കാനും മറ്റും കൂടുതൽ പണിക്കാർ ആവശ്യമില്ല. ഇതിനാൽ ഈ തൊഴിൽ അറിയുന്നവർ മറ്റു തൊഴിലുകൾക്ക് പോവുകയാണെന്നു ജയൻ പറഞ്ഞു. ആശങ്കയിലും പ്രതീക്ഷയിലും തേൻഉത്പാദനം പലഭാഗത്തും ആരംഭിച്ചിട്ടുണ്ട്. മഴക്കാലം വരെ ഇനിയിതു തുടരും.
ഒരു പെട്ടിയിൽനിന്നും ഏഴുകിലോയെങ്കിലും തേൻ കിട്ടണം. ചില സീസണിൽ ഇതിൽ കൂടുതലും തേൻ കിട്ടാറുണ്ടെന്നു കർഷകർ പറയുന്നു. തേനിന്റെ സ്റ്റോക്ക് എല്ലായിടത്തും കുറവായതിനാൽ ഇക്കുറി തേനിന് ആവശ്യക്കാർ കൂടുമെന്നാണു കണക്കുകൂട്ടൽ. ഇതിനാൽ തേനിനു വിലയും കൂടും.
- ഫ്രാൻസിസ് തയ്യൂർ
