വാൻകൂവർ: പടിഞ്ഞാറൻ കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ സ്കൂളിലും സമീപത്തെ വീട്ടിലുമുണ്ടായ വെടിവയ്പിൽ വനിതയായ അക്രമി അടക്കം 10 പേർ കൊല്ലപ്പെട്ടു. 25 പേർക്കു പരിക്കേറ്റു. ഇവരിൽ രണ്ടു പേരുടെ നില ഗുരുതരമാണ്.
പ്രാദേശികസമയം ചൊവ്വാഴ്ച ഉച്ചയ്ക്കാണ് ആക്രമണമുണ്ടായത്. ടംബ്ലർ റിഡ്ജ് സെക്കൻഡറി സ്കൂളിലാണു വെടിവയ്പുണ്ടായത്. അക്രമി അടക്കം എട്ടു പേർ ഇവിടെ കൊല്ലപ്പെട്ടു.
ഈ ആക്രമണവുമായി ബന്ധമുള്ളതാണ് വീട്ടിലുണ്ടായ വെടിവയ്പ്. ഇവിടെ രണ്ടു പേരാണു കൊല്ലപ്പെട്ടത്. അക്രമിയെ തിരിച്ചറിഞ്ഞുവെന്ന് റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് അറിയിച്ചു. എന്നാൽ, പേരുവിവരങ്ങൾ പോലീസ് വെളിപ്പെടുത്തിയില്ല. അക്രമി സ്വയം വെടിവച്ചു മരിച്ചതാണെന്നാണു നിഗമനം.
ആക്രമണമുണ്ടായി രണ്ടു മിനിറ്റിനകം പോലീസ് ഓഫീസർമാർ സ്കൂളിലെത്തിയെന്ന് ബ്രിട്ടീഷ് കൊളംബിയ ഗവർണർ ഡേവിഡ് എബി പറഞ്ഞു. പോലീസെത്തിയപ്പോൾ അക്രമിയടക്കം ഏഴു പേരെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി. പരിക്കേറ്റ ഒരാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
2,400 പേർ വസിക്കുന്ന ടംബ്ലർ റിഡ്ജ് പട്ടണം വാൻകൂവറിൽനിന്ന് 1000 കിലോമീറ്റർ വടക്കായാണ് സ്ഥിതി ചെയ്യുന്നത്. ഏഴാം ഗ്രേഡ് മുതൽ പന്ത്രണ്ടാം ഗ്രേഡ് വരെയുള്ള 175 കുട്ടികളാണ് ടംബ്ലർ റിഡ്ജ് സെക്കൻഡറി സ്കൂളിലുള്ളത്. കാനഡയിൽ സ്കൂളിൽ വെടിവയ്പുണ്ടാകുന്നത് അപൂർവമാണ്.
