കോല്‍ക്കത്ത: ഐസിസി പുരുഷ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് ഗ്രൂപ്പ് സിയില്‍ നാലാം ജയത്തോടെ വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ എട്ടിനൊരുങ്ങി. നേരത്തേ സൂപ്പര്‍ എട്ട് ഉറപ്പിച്ച വിന്‍ഡീസ്, ഗ്രൂപ്പില്‍ തങ്ങളുടെ അവസാന മത്സരത്തില്‍ ഇറ്റലിയെ 42 റണ്‍സിനു കീഴടക്കി. നാലു ജയത്തോടെ എട്ട് പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തും വിന്‍ഡീസ് ഫിനിഷ് ചെയ്തു.
സ്കോര്‍: വെസ്റ്റ് ഇന്‍ഡീസ് 20 ഓവറില്‍ 165/6. ഇറ്റലി 18 ഓവറില്‍ 123. ടോസ് നഷ്ടപ്പെട്ട് ആദ്യം ക്രീസിലെത്തിയ വെസ്റ്റ് ഇന്‍ഡീസിനുവേണ്ടി ക്യാപ്റ്റന്‍ ഷായ് ഹോപ്പ് ടോപ് സ്കോററായി. 46 പന്തില്‍ നാല് സിക്സും ആറ് ഫോറും അടക്കം 75 റണ്‍സ് നേടിയ ഹോപ്പാണ് പ്ലെയര്‍ ഓഫ് ദ മാച്ച്. റോസ്റ്റണ്‍ ചേസും (24), ഷെര്‍ഫെയ്ന്‍ റൂഥര്‍ഫോര്‍ഡ് (15 പന്തില്‍ 24 നോട്ടൗട്ട്), മാത്യു ഫോഡ് (8 പന്തില്‍ 16 നോട്ടൗട്ട്) എന്നിവരും സ്കോര്‍ബോര്‍ഡിലേക്കു സംഭാവന ചെയ്തു.
166 റണ്‍സ് എന്ന ലക്ഷ്യത്തിനായി ക്രീസിലെത്തിയ ഇറ്റലിയുടെ ടോപ് സ്കോറര്‍ ബെന്‍ മനെന്റിയാണ് (21 പന്തില്‍ 26). വിന്‍ഡീസിനുവേണ്ടി ഷാമര്‍ ജോസഫ് 30 റണ്‍സ് വഴങ്ങി നാലും മാത്യു ഫോഡ് 19 റണ്‍സിന് മൂന്നു വിക്കറ്റും സ്വന്തമാക്കി.
