വാഷിംഗ്ടൺ: 2025ലെ ഇന്ത്യ-പാക് സൈനിക സംഘർഷം താൻ ഇടപെട്ടാണ് അവസാനിപ്പിച്ചതെന്ന അവകാശവാദം വീണ്ടും ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
സംഘർഷം അവസാനിപ്പിച്ചില്ലെങ്കിൽ ഇരു രാജ്യങ്ങൾക്കും മേൽ 200 ശതമാനം ഇറക്കുമതി നികുതി ചുമത്തുമെന്നു ഭീഷണിപ്പെടുത്തിയതായും ട്രംപ് വെളിപ്പെടുത്തി. വാഷിംഗ്ടണിൽ നടന്ന ബോർഡ് ഓഫ് പീസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു ട്രംപ്.
സംഘർഷത്തിനിടെ 11 യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടെന്നും ട്രംപ് അവകാശപ്പെട്ടു. നേരത്തെ ഇത് ഏഴ് വിമാനങ്ങൾ എന്നായിരുന്നു ട്രംപ് അവകാശപ്പെട്ടിരുന്നത്. “പതിനൊന്നു വിമാനങ്ങളാണു വെടിവച്ചുവീഴ്ത്തിയത്. വൻ യുദ്ധമാണു മേഖലയിൽ നടന്നുകൊണ്ടിരുന്നത്.
ഞാൻ ഇരു രാജ്യങ്ങളിലെയും ഭരണാധികാരികളെ ഫോണിൽ വിളിച്ച് സംസാരിച്ചു. സമാധാനം പാലിച്ചില്ലെങ്കിൽ വ്യാപാര ബന്ധം അവസാനിപ്പിക്കുമെന്നും 200 ശതമാനം താരിഫ് ഏർപ്പെടുത്തുമെന്നും അറിയിച്ചു. പണത്തിന്റെ കാര്യം വന്നപ്പോൾ ഇരുരാജ്യങ്ങളും യുദ്ധത്തിൽ നിന്നു പിന്മാറി…’ ട്രംപ് പറഞ്ഞു.
വേദിയിലുണ്ടായിരുന്ന പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെ സാക്ഷിയാക്കിയായിരുന്നു ട്രംപിന്റെ പ്രസംഗം. തന്റെ മധ്യസ്ഥതയിലൂടെ 2.5 കോടി ജനങ്ങളുടെ ജീവൻ രക്ഷിച്ചുവെന്ന് ഷെരീഫ് പറഞ്ഞതായും ട്രംപ് അവകാശപ്പെട്ടു. തന്റെ രണ്ടാം ഊഴത്തിന്റെ ആദ്യ മാസങ്ങളിൽത്തന്നെ എട്ടു യുദ്ധങ്ങൾ അവസാനിപ്പിച്ചുവെന്നാണ് ട്രംപ് അവകാശവാദം ഉന്നയിക്കുന്നത്.
ഇന്ത്യ നേരത്തെ തള്ളിയ “ട്രംപൻ’ വാദങ്ങൾ
അതേസമയം, ട്രംപിന്റെ അവകാശവാദങ്ങളെ ഇന്ത്യ നേരത്തെതന്നെ തള്ളിയിട്ടുണ്ട്. അതിർത്തിയിലെ വെടിനിർത്തൽ ഇരു രാജ്യങ്ങളിലെയും സൈനിക ഓപ്പറേഷൻസ് ഡയറക്ടർ ജനറൽമാർ തമ്മിൽ നടത്തിയ ചർച്ചയുടെ ഫലമെന്നാണ് ഇന്ത്യയുടെ ഔദ്യോഗിക നിലപാട്. മൂന്നാമതൊരു കക്ഷിയുടെ ഇടപെടൽ ഉണ്ടായിട്ടില്ലെന്നും വിമാനങ്ങൾ തകർന്നു എന്ന വാദം അടിസ്ഥാനരഹിതമാണെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ വർഷം ഏപ്രിൽ 22ന് പഹൽഗാമിൽ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിനു തിരിച്ചടിയായാണ് മേയ് ഏഴിന് ഇന്ത്യ “ഓപ്പറേഷൻ സിന്ദൂർ’ ആരംഭിച്ചത്. പാക്കിസ്ഥാനിലെയും പാക് അധീന കാഷ്മീരിലെയും ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഇന്ത്യയുടെ സൈനിക നടപടി.
