ഇരിട്ടി: ഒരു മാസം മുന്പ് മൂന്നു കോടി രൂപ ചെലവിൽ നിർമിച്ച റോഡ് തകർന്നു. പായം പഞ്ചായത്തിലെ ജബ്ബാർക്കടവ്- കരിയാൽ റോഡാണ് ലോറി കയറിയപ്പോൾ തകർന്നത്.
റോഡിന്റെ ഇരു വശത്തും ഓവുചാൽ നിർമിക്കാതെയും ടാർ ചെയ്തതിന്റെ ഇരുവശത്തേയും അരികുകളിൽ കോൺക്രീറ്റ് ചെയ്യാതെയും ഇരുന്നത് വിവാദമായിരുന്നു. വാഹനങ്ങൾ സൈഡ് കൊടുക്കുമ്പോൾ റോഡിൽനിന്ന് തെന്നിമാറി റോഡരികിലെ കുഴികളിലേക്ക് വീഴുന്നത് നിത്യസംഭവമാണ്.
ഇതിനിടയിലാണ് ലോറിയടക്കമുള്ള വാഹനങ്ങൾ കടന്നുപോകുമ്പോൾ റോഡ് തകരുന്നത്. റോഡ് തകർന്നത് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും വേണ്ട നടപടി സ്വീകരിക്കാൻ തയാറായിട്ടില്ല എന്ന ആക്ഷേപവും ഉയരുന്നുണ്ട്.
റോഡിന്റെ നിർമാണത്തിൽ അപാകതയുണ്ടെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാർ പരാതിയും നൽകിയിട്ടുണ്ട്. അധികൃതർ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുവാൻ ഒരുങ്ങുകയാണ് നാട്ടുകാർ.
