വനംവകുപ്പിന്റെയും പരിസ്ഥിതി പ്രവർത്തകരുടെയും നേതൃത്വത്തിൽ കാസർഗോട് റാണിപുരത്ത് നടത്തിയ രണ്ടുദിവസത്തെ പക്ഷി സർവേയിൽ കണ്ടെത്തിയത് 117 ഇനം പക്ഷികളെ. ഇവയിൽ ഉൾക്കാടുകളിലും ചോലവനങ്ങളിലും മാത്രം കാണുന്ന ചെറുപക്ഷികളും അപൂർവ ഇനങ്ങളുമുണ്ട്.
രണ്ടുവർഷം മുമ്പ് നടത്തിയ സർവേയിൽ 120 ലധികം ഇനങ്ങളിലെ പക്ഷികളെ കണ്ടെത്തിയിരുന്നു. എന്നാൽ കഴിഞ്ഞവർഷം അത് 99 ആയി കുറഞ്ഞു. മുൻവർഷം റാണിപുരത്ത് പടർന്നുപിടിച്ച കാട്ടുതീയുൾപ്പെടെ ആവാസവ്യവസ്ഥയിലുണ്ടായ മാറ്റമാകാം പക്ഷികളെ അകറ്റാൻ കാരണമായതെന്നാണ് നിഗമനം.
ഇത്തവണ കാടിന്റെയും പുൽമേടുകളുടെയും പച്ചപ്പ് തിരിച്ചുകിട്ടിയതോടെ പക്ഷികളും തിരിച്ചെത്തി. അപൂർവ ഇനം പക്ഷികളായ പുൽക്കുരുവി, ഇന്ത്യൻ ബ്ലൂ റോബിൻ, കാട്ടുനീലി, നെൽപ്പൊട്ടൻ, മലമ്പുള്ള്, ചിലപ്പൻ, യൂറേഷ്യൻ പ്രാപ്പിടിയൻ, മലബാർ ഇംപീരിയൽ പിജിയൻ (പൊകണ പ്രാവ്), വെള്ളക്കറുപ്പൻ പരുന്ത്, കരിമ്പരുന്ത്, മരതക പ്രാവ് എന്നിവ ഇത്തവണ കണ്ടെത്തിയ പക്ഷികളിൽ ഉൾപ്പെടുന്നു.
30 പക്ഷിനിരീക്ഷകരും വനംവകുപ്പ് ഉദ്യോഗസ്ഥരും വിവിധ സംഘങ്ങളായി തിരിഞ്ഞാണ് സർവേ നടത്തിയത്. റാണിപുരം ട്രക്കിംഗ് പാത, കർണാടക വനംവകുപ്പ് ക്വാർട്ടേഴ്സ്, പാറക്കടവ്, പഴയ ട്രക്കിംഗ് പാത, എൻഎ പ്ലാന്റേഷൻ എന്നിങ്ങനെ അഞ്ച് ഭാഗങ്ങൾ കേന്ദ്രീകരിച്ചാണ് സർവേ നടത്തിയത്. പക്ഷിനിരീക്ഷകരായ ശ്യാംകുമാർ പുറവങ്കര, എം. ഹരീഷ് ബാബു, ശ്രീലാൽ കെ. മോഹൻ, ഡോ. എ. അനിത, കെ.ടി. സന്തോഷ് പനയാൽ, രാജു കിദൂർ, പ്രണവ് കാർലെ എന്നിവർ നേതൃത്വം നൽകി. തുടർച്ചയായി ആറാം വർഷമാണ് റാണിപുരത്ത് പക്ഷി സർവേ നടത്തുന്നത്.
