ചെറുതോണി: സ്കൂൾ വിദ്യാർഥികളായ ആൺകുട്ടികളോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ 72 കാരനായ വ്യാപാരിക്കു മൂന്നു വർഷം തടവും 20,000 രൂപ പിഴയും വിധിച്ചു. തങ്കമണി സ്വദേശി ചാക്കോ മത്തായി (72) യെയാണ് ഇടുക്കി അതിവേഗ പോക്സോ കോടതി ജഡ്ജ് ഡി.എസ്. നോബൽ ശിക്ഷിച്ചത്.
2025-ലാണ് കേസിനാസ്പദമായ സംഭവം. തങ്കമണി സ്കൂളിന്റെ പരിസരത്ത് പഴയ പോലീസ്സ്റ്റേഷന് സമീപം വ്യാപാരം നടത്തിയിരുന്ന പ്രതി കടയിൽ സാധനങ്ങൾ വാങ്ങാൻവരുന്ന ചില ആൺകുട്ടികളോട് ലൈംഗികാതിക്രമം കാണിച്ചുവെന്നാണ് കേസ്. ഈ കേസിലെ ഇരയെ കൂടാതെ മറ്റ് കുട്ടികളെയും പ്രതി ഉപദ്രവിച്ചിരുന്നെന്നാണ് പ്രോസിക്യൂഷൻ കേസ്.
നിരന്തരം ഇയാൾ കുട്ടികളെ ഉപദ്രവിച്ചതോടെ കുട്ടികൾ സംഘം ചേർന്ന് ചോദ്യംചെയ്തു. കുട്ടികളുടെ ബഹളം കേട്ടെത്തിയ സമീപ വ്യാപാരിയുടെ നിർദേശത്തെത്തുടർന്ന് കുട്ടികൾ സംഭവം സ്കൂളിൽ അറിയിച്ചു.
തുടർന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തങ്കമണി പോലീസ് കേസെടുക്കുകയായിരുന്നു. പിഴത്തുകയിൽ 10,000 രൂപ ഇരയായ കുട്ടിക്ക് നൽകാൻ കോടതി വിധിച്ചു. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഷിജോമോൻ ജോസഫ് കണ്ടത്തിങ്കരയിൽ കോടതിയിൽ ഹാജരായി.
