തൊടുപുഴ: ജില്ലയില്‍ കടുത്ത വരള്‍ച്ചമൂലം കൃഷിനാശം നേരിട്ട ഏലം കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാനായി സര്‍ക്കാര്‍ അഞ്ച് കോടി അനുവദിച്ചത് ആശ്വാസമായി.2025ല്‍ സംസ്ഥാന ദുരന്ത ലഘൂകരണ ഫണ്ടില്‍നിന്ന് അനുവദിച്ച 10 കോടി രൂപയ്ക്ക് പുറമേയാണ് ഇപ്പോള്‍ ഈ തുക അനുവദിച്ചിരിക്കുന്നതെന്ന് മന്ത്രി പി. പ്രസാദ് അറിയിച്ചു. ഇതോടെ ഏലക്കര്‍ഷകരുടെ പ്രതിസന്ധി പരിഹരിക്കാനായി കൃഷിവകുപ്പ് 15 കോടി രൂപയാണ് വിനിയോഗിക്കുന്നത്.
2024 ഫെബ്രുവരി മുതല്‍ മേയ് വരെയുള്ള കാലയളവില്‍ അനുഭവപ്പെട്ട കടുത്ത വരള്‍ച്ച, ജലക്ഷാമം, ഉയര്‍ന്ന താപനില, മണ്ണിലെ ഈര്‍പ്പക്കുറവ് എന്നിവ ജില്ലയിലെ ഏലം കൃഷിയെ ഗുരുതരമായി ബാധിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ജില്ലയില്‍ ആകെ 4364.4 ഹെക്ടര്‍ സ്ഥലത്തെ ഏലം കൃഷിയാണ് നശിച്ചത്. ഇത് ഏലം കൃഷി മുഖ്യജീവനോപാധിയായ ചെറുകിട, ഇടത്തരം കര്‍ഷകര്‍ക്ക് വലിയ തിരിച്ചടിയുണ്ടാക്കുകയും അവരെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കുകയും ചെയ്തു.
ഇടുക്കി വികസന പാക്കേജിന്റെ നിലവിലെ മാര്‍ഗരേഖയില്‍ കൃഷിനാശത്തിന് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള വ്യക്തമായ വ്യവസ്ഥകള്‍ ഇല്ലാതിരുന്ന സാഹചര്യത്തില്‍ ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം പ്രത്യേക ഇളവ് നല്‍കിയാണ് ഇപ്പോള്‍ തുക അനുവദിച്ചത്.നേരത്തേ അനുവദിച്ച 10 കോടി രൂപ ഏലത്തോട്ടങ്ങളുടെ പുനര്‍ജീവനത്തിനായി നടീല്‍ വസ്തുക്കള്‍ വാങ്ങുന്നതിനും ജീവാണുവളങ്ങള്‍ വിതരണം ചെയ്യാനുമായാണ് വിനിയോഗിച്ചുവരുന്നത്.
ഇപ്പോള്‍ അനുവദിച്ച അഞ്ച് കോടി നഷ്ടപരിഹാര വിതരണം വേഗത്തിലാക്കാനും കൂടുതല്‍ ദുരിതബാധിതരായ കര്‍ഷകര്‍ക്ക് സഹായമെത്തിക്കാനും വിനിയോഗിക്കും.
