ഇടുക്കിയിൽ എത്ര കടുവകൾ… പെരിയാർ ടൈ​ഗ​ർ റി​സ​ർ​വി​ൽ ക​ടു​വ​ക​ളു​ടെ ക​ണ​ക്കെ​ടു​പ്പ്

കു​മ​ളി: പെ​രി​യാ​ർ ക​ടു​വാ സ​ങ്കേ​ത​ത്തി​ൽ മൂ​ന്നാം ഘ​ട്ട ക​ടു​വ ക​ണ​ക്കെ​ടു​പ്പി​ന് തു​ട​ക്ക​മാ​യി. 2025-26 വ​ർ​ഷ​ത്തെ അ​ഖി​ലേ​ന്ത്യാ ക​ടു​വ ക​ണ​ക്കെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യു​ള്ള മൂ​ന്നാം​ഘ​ട്ട കാ​മ​റ ട്രാ​പ്പിം​ഗാ​ണ് പെ​രി​യാ​ർ ക​ടു​വാ സ​ങ്കേ​ത​ത്തി​ൽ ആ​രം​ഭി​ച്ച​ത്. ദേ​ശീ​യ​ത​ല​ത്തി​ൽ ക​ടു​വ​ക​ളു​ടെ എ​ണ്ണം കൃ​ത്യ​മാ​യി വി​ല​യി​രു​ത്തു​ന്ന​തി​നു​ള്ള നി​ർ​ണാ​യ​ക ഘ​ട്ട​മാ​ണി​ത്.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ എ​ട്ടു​ദി​വ​സം നീ​ണ്ടു​നി​ന്ന ഫീ​ൽ​ഡ് സ​ർ​വേ​യി​ലൂ​ടെ ക​ടു​വ​ക​ളു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ മേ​ഖ​ല​ക​ളി​ലാ​ണ് മൂ​ന്നാം ഘ​ട്ട​ത്തി​ലെ തീ​വ്ര കാ​മ​റ ട്രാ​പ്പിം​ഗ് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. ക​ടു​വാ സ​ങ്കേ​ത​ത്തെ ര​ണ്ട് ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ വീ​ത​മു​ള്ള 470 ഗ്രി​ഡു​ക​ളാ​യി വി​ഭ​ജി​ച്ചാ​ണ് നി​രീ​ക്ഷ​ണം ന​ട​ത്തു​ന്ന​ത്. ഇ​തി​ൽ പെ​രി​യാ​ർ ഈ​സ്റ്റ് ഡി​വി​ഷ​നി​ൽ 353 ഗ്രി​ഡു​ക​ളും വെ​സ്റ്റ് ഡി​വി​ഷ​നി​ൽ 117 ഗ്രി​ഡു​ക​ളും ഉ​ൾ​പ്പെ​ടു​ന്നു.

ഓ​രോ ഗ്രി​ഡി​ലും ക​ടു​വ​ക​ളു​ടെ ശ​രീ​ര​ത്തി​ലെ വ​ര​ക​ൾ വി​ശ​ക​ല​നം ചെ​യ്ത് അ​വ​യെ കൃ​ത്യ​മാ​യി തി​രി​ച്ച​റി​യു​ന്ന​തി​നാ​യി ര​ണ്ട് കാ​മ​റ​ക​ൾ വീ​തം ആ​കെ 940 കാ​മ​റ ട്രാ​പ്പു​ക​ളാ​ണ് വി​ന്യ​സി​ച്ചി​ട്ടു​ള്ള​ത്. ഫെ​ബ്രു​വ​രി 25 മു​ത​ൽ മാ​ർ​ച്ച് 27വ​രെ തു​ട​ർ​ച്ച​യാ​യി 30 ദി​വ​സ​മാ​ണ് കാ​മ​റ ട്രാ​പ്പിം​ഗ് ന​ട​ക്കു​ക. ഇ​തി​നു മു​ന്നോ​ടി​യാ​യി ഫെ​ബ്രു​വ​രി 10ന് ​ഫ്ര​ണ്ട്‌​ലൈ​ൻ സ്റ്റാ​ഫു​ക​ൾ​ക്കും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ൽ​കി​യി​രു​ന്നു.

കാ​മ​റ​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത​യും വി​വ​ര​ശേ​ഖ​ര​ണ​വും ഉ​റ​പ്പാ​ക്കാ​ൻ നാ​ല് ദി​വ​സ​ത്തി​ലൊ​രി​ക്ക​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ ഗ്രി​ഡു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്. സ​ർ​വേ പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ വി​വ​ര​ങ്ങ​ൾ വി​ശ​ക​ല​നം ചെ​യ്ത് ദേ​ശീ​യ ക​ടു​വാ സം​ര​ക്ഷ​ണ അ​ഥോ​റി​റ്റി​ക്ക് ന​ൽ​കും.

Related posts

Leave a Comment