കുട്ടനാട്: കുട്ടനാട്ടിൽ കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ഇന്നുമുതൽ കൊയ്ത്ത് വ്യാപകമാകാനിരിക്കേ ഇന്നലെ വൈകിട്ടോടെ നിനച്ചിരിക്കാതെ എത്തിയ വേനൽമഴ നെല്ല് വിളഞ്ഞുകിടക്കുന്ന ആയിരക്കണക്കിന് ഹെക്ടർ നിലത്തേക്ക് ഇടിത്തീപോലെ പെയ്തിറങ്ങിയതോടെ ഉറക്കം പോലും നഷ്ടപ്പെട്ട് കുട്ടനാട്ടിലെ നൂറുകണക്കിന് വരുന്ന സാധാരണക്കാരായ കർഷകർ.
ഒരു തുള്ളിക്ക് ഒരു കുടം കണക്കേ മണിക്കൂറുകളോളം നീണ്ടുനിന്ന മഴയിൽ മിക്ക പാടശേഖരങ്ങളിലേയും കൊയ്യാറായ നെൽമണികൾ മുഴുവൻ വെള്ളത്തിലായെന്നുതന്നെ പറയാം. രണ്ടു ദിവസങ്ങൾക്ക് മുന്പുതന്നെ വേനൽമഴ ശക്തിപ്പെടുന്നതിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയിരുന്നെങ്കിലും അത് മാറിപ്പോകുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചുകൊണ്ട് ഇന്നലെ സന്ധ്യയായതോടെ തിമിർത്ത് പെയ്ത മഴ മണിക്കൂറുകൾക്ക് ശേഷമാണ് ശമിച്ചത്.
വേനൽമഴ മുൻകൂട്ടിക്കണ്ടുകൊണ്ട് കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നായി 500ഓളം കൊയ്ത്ത് യെന്ത്രങ്ങൾ എത്തിക്കുക; കൂടാതെ വിവിധ കൃഷി ഓഫീസുകളുടെ നേതൃത്വത്തിൽ കുട്ടനാട് പാക്കേജിന്റെ ഭാഗമായി നേരത്തേ കർഷകർക്ക് നല്കിയിട്ടുള്ള കൊയ്ത്ത് യന്ത്രങ്ങളും കൂടെകൂട്ടി വരുംദിവസങ്ങളിൽ കൊയ്ത്ത് വ്യാപകമാക്കാനായിരുന്നു കൃഷിവകുപ്പിന്റെ പദ്ധതി.
റോഡ് സൗകര്യമുള്ളിടങ്ങളിൽ കൊയ്ത്ത് യന്ത്രത്തിന് മണിക്കൂറിന് 2100 രൂപയും ആ സൗകര്യമില്ലാത്തിടത്ത് 2200 രൂപയും വാടകയായി നിശ്ചയിച്ചിരുന്നു . ഇന്നുമുതൽ 15 വരെയുള്ള ദിവസങ്ങൾക്കുള്ളിൽ പതിനായിരത്തിനടുത്ത് ഹെക്ടർ നിലം കൊയ്തു മാറുക എന്നതായിരുന്നു ലക്ഷ്യം. എന്നാൽ ഈ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചുകൊണ്ട് ഇന്നലെത്തന്നെ മഴ ശക്തിപ്പെടുന്ന ലക്ഷണമാണ് കണ്ടുതുടങ്ങിയിട്ടുള്ളത്.
മാനത്ത് മഴക്കാറ് കണ്ടാൽ ഈർപ്പത്തിന്റെ പേരു പറഞ്ഞ് കർഷകരെ കൊള്ളയടിക്കുന്നതാണ് മില്ലുകാരുടെയും അവരുടെ ഏജന്റുമാരുടെയും പരിപാടി. വേനൽമഴകൂടി പിടിമുറുക്കിയ സാഹചര്യത്തിൽ കുട്ടനാടൻ കാർഷിക മേഖലയിൽ വരുംദിവസങ്ങളിൽ ഇനി എന്തൊക്കെയാണ് അരങ്ങേറാൻ പോകുകയെന്ന് പ്രവചിക്കുക അസാധ്യമെന്ന് തന്നെ പറയേണ്ടിവരും.
ഈ പ്രത്യേക സാഹചര്യത്തിൽ കുറഞ്ഞത് 700 യന്ത്രങ്ങളെങ്കിലും വേണ്ടിവരുമെന്നാണ് വിവിധ പാടശേഖരസമിതികളുടെ അഭിപ്രായം. അതിനാൽ കൂടുതൽ യന്ത്രങ്ങളിറക്കി നെല്ല് പെട്ടന്നു കൊയ്തെടുക്കാനുള്ള പദ്ധതി ആവിഷ്ക്കരിക്കാത്ത പക്ഷം ഇപ്രാവശ്യത്തെ നെല്ല് മുഴുവൻ പാടത്തുതന്നെ കിടന്ന് നശിക്കാനുള്ള സാധ്യതയും കർഷകർ തള്ളിക്കളയുന്നില്ല.
