പത്തനംതിട്ട: ഇറാൻ – ഇസ്രയേൽ സംഘർഷം ഗൾഫ് മേഖലയിലേക്കു വ്യാപിച്ചതോടെ പത്തനംതിട്ടയിലും ആശങ്ക. വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയതും യാത്രകൾ മുടങ്ങിയതുമെല്ലാം പ്രവാസികളേറെയുള്ള പത്തനംതിട്ടക്കാരുടെ ആശങ്ക വർധിപ്പിച്ചു. ഗൾഫ് മേഖലയിൽ സംഘർഷം വ്യാപകമാകില്ലെന്ന ആശ്വാസമാണ് ഇപ്പോഴുള്ളത്.
ശനിയാഴ്ചയും ഇന്നലെയുമായി നിശ്ചയിച്ച യാത്രകൾ മുടങ്ങിയവരും നാട്ടിലേക്കുള്ള അടിയന്തര യാത്രയ്ക്കായി ഒരുങ്ങി നടക്കാതെ വന്നവരും ഉൾപ്പെടെ ജില്ലയുടെ പല പ്രദേശങ്ങളിലും ആശങ്കയിൽ കഴിയുന്നവർ ഏറെയാണ്. ബന്ധുക്കളുമായി നിരന്തരം ഫോണിൽ ബന്ധപ്പെട്ടുവരികയാണ് നാട്ടിലുള്ളവർ. യാത്രയ്ക്കായി വിമാനത്താവളങ്ങളിലെത്തി മടങ്ങേണ്ടിവന്നവരും നിരവധിയാണ്.
ഗൾഫ് മേഖലയിൽ ജോലിയെടുക്കുന്നവരും അവരുടെ ബന്ധുക്കളുമാണ് ആശങ്കയിലായവരിൽ ഏറെയും. നെടുന്പാശേരിയിലും തിരുവനന്തപുരത്തുമായി എല്ലാ ഗൾഫ് വിമാനങ്ങളും റദ്ദാക്കിയതോടെ യാത്ര മുടങ്ങി വീടുകളിലേക്ക് മടങ്ങിയവർ ജില്ലയിലുണ്ട്. ഇനിയുള്ള യാത്ര എന്നത്തേക്കാകുമെന്ന നിശ്ചയവുമില്ല. നെടുന്പാശേരിയിലും തിരുവനന്തരുപുരത്തും ശനിയാഴ്ച ഉച്ചയോടെ എത്തി ചെക്ക് ഇൻ ചെയ്തശേഷമാണ് വ്യോമപാതകൾ അടച്ചതിനേ തുടർന്ന് സർവീസുകൾ റദ്ദാക്കുന്ന വിവരം വിമാന കന്പനി അധികൃതർ അറിയിച്ചത്.
ഇത്തരത്തിൽ വിമാനത്താവളങ്ങളിൽ കുടുങ്ങിയവരിലും പത്തനംതിട്ടക്കാരുണ്ട്. സുരക്ഷാ പരിശോധനകൾ കഴിഞ്ഞ് ബോർഡിംഗ് ഘട്ടംവരെ എത്തിയ യാത്രക്കാരാണ് ഇവർ. ഇവരെ ആദ്യം ഹോട്ടലിലേക്ക് മാറ്റിയെങ്കിലും വിമാന സർവീസ് പുനരാരംഭിക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടർന്നതോടെ വീടുകളിക്ക് മടക്കി. യുഎഇ, ഖത്തർ, കുവൈറ്റ് വിമാനങ്ങളിൽ യാത്ര ചെയ്യാനായി വീടുകളിൽ നിന്നും ശനിയാഴ്ച ഇറങ്ങിയവരാണ് തിരികെ വരേണ്ടിവന്നവരിൽ ഏറെയും.
നാട്ടിലേക്ക് മടങ്ങേണ്ടവരും കുടുങ്ങി
ബന്ധുക്കളുടെ മരണം, വിവാഹം തുടങ്ങി അടിയന്തര ആവശ്യങ്ങൾക്കായി അവധിയെടുത്ത് വിമാന ടിക്കറ്റ് എടുത്ത് ശനിയാഴ്ചയും ഇന്നലെയുമായി ഗൾഫ് മേഖലയിൽ നിന്ന് കേരളത്തിലേക്ക് തിരിക്കാനിരുന്നവരും ബുദ്ധിമുട്ടിലായി. ബന്ധുക്കളുടെ സംസ്കാരം സംബന്ധിച്ച ചടങ്ങുകൾ ഇവരെ പ്രതീക്ഷിച്ച് പലയിടത്തും നീട്ടിവച്ചിരിക്കുകയാണ്. വിമാന സർവീസുകൾ പുനരാരംഭിക്കുന്നതു സംബന്ധിച്ച അനിശ്ചിതത്വം നിരവധി കുടുംബങ്ങളെയാണ് ആശങ്കയിലാഴ്ത്തിയിരിക്കുന്നത്. ബന്ധുക്കളുമായി നിരന്തരം ഫോണിൽ ബന്ധപ്പെട്ട് വിവരങ്ങൾ പങ്കുവയ്ക്കുന്നുണ്ട്.
ജോലി അന്വേഷിച്ചും മറ്റും ഗൾഫിലേക്കു പോകാനിരുന്നവരും വിഷമവൃത്തിലാണ്. പലർക്കും അവസരം നഷ്ടമായേക്കുമോയെന്നതാണ് ആശങ്ക. അടുത്ത ദിവസങ്ങളിൽ വീസ കാലാവധി കഴിയുന്നവരും ജോലി നഷ്ടമാകുമോയെന്ന ആശങ്കയിലാണ്. വിമാന കന്പനികൾ വരുംദിവസങ്ങളിലേക്കുള്ള ടിക്കറ്റുകൾ ഉറപ്പാക്കുന്നില്ല. അന്വേഷിക്കുന്പോൾ റീഫണ്ട് നൽകാമെന്നാണ് അറിയിച്ചിരിക്കുന്നതെന്ന് പറയുന്നത്. യാത്ര അനന്തമായി വൈകിയാൽ ഗൾഫ് മേഖലയിൽ ജോലിയെടുക്കുന്നവരിൽ പലരുടെയും ഭാവി പ്രശ്നത്തിലാകും. അവധിക്കു നാട്ടിലെത്തിയിരുന്ന പലരും കൃത്യമായി ജോലിയിൽ തിരികെ പ്രവേശിക്കാനാകുമോയെന്ന ആശങ്കയാണ് പ്രകടിപ്പിക്കുന്നത്.
സന്ദർശക വീസയിൽ പോയി മടങ്ങിവരേണ്ടവർ, കുട്ടികളുടെ പരീക്ഷയുമായി ബന്ധപ്പെട്ടു യാത്ര തീരുമാനിച്ചവർ തുടങ്ങിയവരൊക്കെ ഗൾഫിലും കുടുങ്ങിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും ഗൾഫ് യാത്രാ പ്രതിസന്ധി കരിനിഴൽ വീഴ്ത്തിയിരിക്കുകയാണ്.
