കണമല: പൊട്ടിപ്പോയ മൊബൈൽ ഫോണിനു പകരം പുതിയ ഫോൺ വാങ്ങാൻ തുലാപ്പള്ളിയിൽ വീട്ടിൽനിന്ന് കാറുമായി എരുമേലിക്ക് പോയ ജോസഫൈനെ (സിൽബി-24) തേടി പോലീസിന്റെ അന്വേഷണം ജമ്മു കാഷ്മീരിൽ.കഴിഞ്ഞ ഫെബ്രുവരി 23ന് രാവിലെയാണ് ജോസഫൈൻ, പിതാവ് തുലാപ്പള്ളി പുളിക്കൽ ബിനോയിയുടെ കെഎൽ-34-എ 4768 നമ്പറിലുള്ള ആൾട്ടോ കാറിൽ തനിയെ വീട്ടിൽനിന്നു പുറപ്പെട്ടത്.
രാത്രി വൈകിയും മകൻ വീട്ടിൽ എത്താത്തതിനെത്തുടർന്ന് മുൻ വാർഡ് മെംബർ സിബി മുഖേനെ പിതാവ് വിവരം പമ്പ പോലീസ് സ്റ്റേഷനിൽ അറിയിച്ചു. പിറ്റേന്നും മകന്റെ വിവരം ലഭ്യമായില്ലെന്ന് പിതാവ് അറിയിച്ചതോടെ പമ്പ പോലീസ് യുവാവിന്റെ തിരോധാനം സംബന്ധിച്ച് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
പോലീസ് നടത്തിയ അന്വേഷണത്തിൽ ജോസഫൈൻ സഞ്ചരിച്ച ആൾട്ടോ കാർ കാണാതായ ദിവസം 23നു രാവിലെ 10.10ന് തുലാപ്പള്ളി വട്ടപ്പാറ ഭാഗത്ത് കടന്നുപോയതായി സിസിടിവി കാമറാദൃശ്യത്തിൽ കണ്ടെത്തി. ഇതേ കാർ 10.14ന് കണമല ജംഗ്ഷനിൽനിന്ന് ഇടകടത്തി റോഡിൽ പ്രവേശിക്കുന്നതിന്റെ ദൃശ്യവും പോലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തി. തുടർന്നുള്ള സഞ്ചാരം വ്യക്തമാക്കുന്ന ദൃശ്യങ്ങൾ ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
തുടർന്ന് നടന്ന പോലീസിന്റെ അന്വേഷണത്തിൽ ജോസഫൈൻ കാർ എവിടെയോ ഉപേക്ഷിച്ച ശേഷം ഡിണ്ടിഗൽ എത്തി സിം കാർഡും മൊബൈൽ ഫോണും വാങ്ങിയതായി സൂചന ലഭിച്ചു. ഈ ഫോണിന്റെ ലൊക്കേഷൻ പരിശോധിച്ച് അന്വേഷണം തുടർന്നതോടെ ഡൽഹിയിൽനിന്ന് പഞ്ചാബ് വഴി ജമ്മു കാഷ്മീരിൽ ഫോണിന്റെ ലൊക്കേഷൻ എത്തിയതായി വിവരങ്ങൾ ലഭിച്ചെന്ന് പോലീസ് പറഞ്ഞു. ഇതോടെ വിമാനമാർഗം ഡൽഹിയിൽ എത്തിയ പോലീസ് ഇപ്പോൾ ജമ്മു കാഷ്മീരിൽ അന്വേഷണം തുടരുകയാണെന്നാണ് അറിഞ്ഞതെന്ന് ജോസഫൈന്റെ പിതാവ് ബിനോയി പറഞ്ഞു.
ബിബിഎ ബിരുദധാരിയാണ് ജോസഫൈൻ. 25 കിലോമീറ്ററിൽ കൂടുതൽ കാർ ഡ്രൈവ് ചെയ്താൽ കാലിന് കടുത്ത വേദന ഉണ്ടാകുന്ന മകൻ ഇത്രയും ദൂരം പോകാൻ സാധ്യതയില്ലെന്നും കാർ എവിടെയെങ്കിലും ഉപേക്ഷിച്ചെങ്കിൽ അതു കണ്ടെത്താൻ കഴിയാത്തതും ഉൾപ്പെടെ അന്വേഷണത്തിൽ ദുരൂഹതയുണ്ടെന്ന് പിതാവ് ബിനോയ് പറഞ്ഞു. കൃത്യമായ അന്വേഷണം നടത്താൻ മുഖ്യമന്ത്രി ഉൾപ്പെടെ നിർദേശം നൽകി മകനെ കണ്ടെത്താൻ സർക്കാർ അടിയന്തര ഇടപെടൽ സ്വീകരിക്കണമെന്നും ബിനോയി ആവശ്യപ്പെട്ടു.
