“ദേവി അംബികേ മഹത്
ദർശനം തരൂ ജഗദംബേ
എന്നും ആറ്റുകാൽ വാഴും അമ്മേ…’
സർവ മംഗളദായികയായ ആറ്റുകാൽ അമ്മയ്ക്ക് മുന്നിൽ കാണിക്കയായി സമർപ്പിച്ച ഈ ഗാനം പ്രശസ്ത ഗാനരചയിതാവ് കോന്നിയൂർ ഭാസ് രചിച്ചതാണ്. സംഗീത ഇതിഹാസം ജി.ദേവരാജനാണ് ഭക്തിസാന്ദ്രമായ ഈണം നൽകിയിരിക്കുന്നത്. ചിത്രീകരണം നടന്നുവെങ്കിലും റിലീസ് ചെയ്യാത്ത ശ്രീദേവി ദർശനം എന്ന ചലച്ചിത്രത്തിലെ ഗാനമാണ് ഇത്.
“ആയിരം കലത്തിൽ പൊങ്കാല പതിനായിരം മനസിൽ തുടിക്കുന്നു നീ… സന്താപനാശിനി ആനന്ദദായിനി സർവൈശ്വര്യങ്ങളും നൽകുക നീ…’ എന്നിങ്ങനെയാണ് കോന്നിയൂർ ഭാസിന്റെ വരികൾ ഒഴുകുന്നത്. ഗാനത്തിന്റെ ചരണത്തിലാണ് പൊങ്കാല അർപ്പിക്കലിന്റെ പുണ്യം നിറയുന്നത്. ഇവിടെ ദേവരാജൻ എന്ന സംഗീത രാജശില്പിയുടെ മഹത്വവും തൊട്ടറിയാം. പല്ലവിയിലും അനുപല്ലവിയിലും ഗാനഗന്ധർവൻ യേശുദാസിന്റെ ശബ്ദം മാത്രമാണ് നിറയുന്നത്. എന്നാൽ സ്ത്രീകളുടെ മഹോത്സവമായ പൊങ്കാല എത്തുമ്പോൾ അതിൽ ഗായിക അമ്പിളിയും ചേരുന്നുണ്ട്. മൺകലം നിറഞ്ഞ്, മനം നിറഞ്ഞ് ദേവിക്ക് സമർപ്പിക്കുന്ന പൊങ്കാല നിവേദ്യത്തിന്റെ ആത്മീയ അനുഭൂതി ഇവിടെ കാണാം.
ആയിരം കലങ്ങളിൽ പൊങ്കാല നിറയുമ്പോൾ പതിനായിരം മനസുകളിൽ ദേവി ചൈതന്യം ഉണരുന്നു എന്നാണ് കോന്നിയൂർ ഭാസ് എഴുതിയിരിക്കുന്നത്. എഴുപതുകളിൽ ചിത്രീകരിച്ച സിനിമയ്ക്കു വേണ്ടി എഴുതിയ ഗാനമാണിത് എന്നും ഓർമിക്കാം. ഇന്ന് ലക്ഷക്കണക്കിന് പൊങ്കാല കലങ്ങളിലും മനസുകളിലുമാണ് പൊങ്കാല നിവേദ്യം നിറയുന്നത്.
ആറ്റുകാൽ അമ്മയുടെ ഭക്തനായിന്നോ കോന്നിയൂർ ഭാസ് എന്ന് വ്യക്തമല്ല. എന്നാൽ ആറ്റുകാലിൽ വാഴുന്ന ദേവിയുടെ കാരുണ്യ സ്പർശത്തിൽ മതിമറന്ന ഗാനരചയിതാവിനെയാണ് ഗാനത്തിൽ ഉടനീളം നമ്മൾ കാണുന്നത്. അനുപല്ലവിയിൽ ‘സത്യസ്വരൂപിണി ചൈതന്യകാരിണി നിത്യനിരാമയെ കൈതൊഴുന്നേൻ… സംസാരസാഗര തീരത്തുഴലാതെ ഞങ്ങളെ കാത്തു കൊള്ളേണം അമ്മേ… ‘എന്നും കോന്നിയൂർ ഭാസ് എല്ലാ ഭക്തർക്കും വേണ്ടി ആറ്റുകാലമ്മയോട് പ്രാർഥിക്കുന്നുണ്ട്.
ഗാനത്തിന്റെ ഒടുവിൽ എല്ലാ ഗാനത്തിലും ഉള്ളതുപോലെ പല്ലവി വീണ്ടും പാടുന്നുണ്ട്.എന്നാൽ ഇവിടെ ഗാനം അവസാനിക്കുന്നതിന് പകരം ‘ദേവി ശ്രീദേവി..അമ്മേ പൊന്നമ്മേ..’എന്ന വരികൾ ആവർത്തിക്കുകയാണ്. ചലച്ചിത്രത്തിന്റെ സന്ദർഭത്തിന് യോജിച്ച രീതിയിലെ ഗാനരചന എന്ന് പറയാമെങ്കിലും കോന്നിയൂർ ഭാസിലെ ഭക്തൻ താൻ അറിയാതെ ഗാനത്തിൽ കടന്നിരിക്കുന്ന ഒരു അനുഭവമാണ് ആസ്വാദകർക്ക് ലഭിക്കുന്നത്.
മധ്യമാവതി രാഗത്തിലാ ണ് ജി. ദേവരാജൻ ഈ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഗാനത്തിന്റെ ഈണവും പശ്ചാത്തല സംഗീതവും ക്ഷേത്രാന്തരീക്ഷത്തിന്റെ പ്രതീതി ജനിപ്പിക്കുന്നതും ഭക്തി ഭാവം ഉണർത്തുന്നതും ആണെന്ന് ചലച്ചിത്ര ഗാന സംഗീത നിരൂപകനും കെഎസ്ഇബിയിലെ മുൻ എക്സിക്യൂട്ടീവ് എൻജിനീയറുമായ പി.വി.പ്രമോദ് പറയുന്നു. ലോകപ്രശസ്തിയാർജിച്ച ആറ്റുകാൽ പൊങ്കാലയെ കുറിച്ചുള്ള ഒരേയൊരു ചലച്ചിത്ര ഗാനം എന്ന സവിശേഷതയും ദേവി അംബികേ… എന്ന ഗാനത്തിനുണ്ട്.
1970കളുടെ അന്ത്യ പാദത്തിലാണ് ആറ്റുകാൽ ദേവിയുടെ ചരിത്രം ആധാരമാക്കിയുള്ള സിനിമയുടെ ചിത്രീകരണം നടന്നത്. പല കാരണങ്ങൾ കൊണ്ടും ചിത്രം റിലീസ് ആയില്ലെങ്കിലും ഇതിലെ പത്ത് ഭക്തിഗാനങ്ങളും റെക്കോർഡ് ചെയ്യപ്പെട്ടിരുന്നു. ഗാനങ്ങളുടെ വിനൈൽ റെക്കോർഡും പുറത്തിറങ്ങിയിരുന്നു. അതു കൊണ്ടു തന്നെ പി. ഭാസ്കരനും കോന്നിയൂർ ഭാസും രചിച്ച് ദേവരാജൻ മാസ്റ്റർ സംഗീതം നൽകിയ ഗാനങ്ങൾ ആസ്വാദകർക്ക് ഇന്നും കേൾക്കാൻ സാധിക്കും. അയ് ഗിരി നന്ദിനി…, ജഗദ് പൂജ്യേ.., ശ്രീമൂല ഭഗവതി വാഴ്ക… എന്നീ മൂന്ന് പരമ്പരാഗത ഭഗവതി കീർത്തനങ്ങളും സിനിമയിൽ ഉണ്ടായിരുന്നു. ഈ പരമ്പരാഗത കീർത്തനങ്ങൾ അടിസ്ഥാന ഈണത്തിൽ ആണെങ്കിലും ദേവരാജ സ്പർശം നൽകിയാ യിരുന്നു റെക്കോർഡ് ചെയ്യപ്പെട്ടത്.
ശ്രീദേവി ദർശനം എന്ന ഇതേ ചിത്രത്തിലെ ദേവിമയം സർവം ദേവി മയം..എന്ന ഗാനവും പ്രശസ്തമാണ്. പി. ഭാസ്കരൻ രചിച്ച ഗാനത്തിൽ ആറ്റുകാൽ ദേവി ഉൾപ്പെടെയുള്ള പന്ത്രണ്ട് ദേവിമാരുടെ ചൈതന്യ ദർശനം നിറയുന്നു. പതിമൂന്ന് രാഗങ്ങളിലെ രാഗമാലികയായാണ് ജി.ദേവരാജൻ ഗാനം ചിട്ടപ്പെടുത്തിയിട്ടുള്ളത്.
ഇതിൽ ‘ആറ്റുനോറ്റിന്നു ഞാൻ
നിന്റെ നടയ്ക്കെത്തി
ആറ്റുകാലുള്ളോരമ്മേ…
കാട്ടിത്തരേണം എനിക്കൊരു മുൻവഴി
കാത്തു രക്ഷിക്കണം അമ്മേ… ‘എന്നാണ് ആറ്റുകാലമ്മയെ കുറിച്ച് പി. ഭാസ്കരൻ എഴുതിയിട്ടുള്ളത്. നീണ്ട 46 വർഷങ്ങൾക്ക് മുൻപ് ഇറങ്ങിയ, വെളിച്ചം കാണാത്ത സിനിമയിലെ ഈ ഗാനങ്ങൾ ഇന്നും ഹൃദയങ്ങളിൽ നിറയുന്നു എന്നിടത്താണ് ഗാനങ്ങളുടെ വിജയം! 1980 ൽ പുറത്തുവന്ന ശ്രീദേവി ദർശനം ചിത്രത്തിലെ ഗാനങ്ങളുടെ വിനൈൽ റിക്കാർഡ്.
എസ്. മഞ്ജുളാദേവി
