ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുന്നുണ്ടെങ്കിലും ഇന്ത്യയുടെ ഊർജസുരക്ഷയ്ക്കു നിലവിൽ ഭീഷണിയില്ലെന്ന് കേന്ദ്ര സർക്കാർ. രാജ്യത്ത് 25 ദിവസത്തേക്കുള്ള ക്രൂഡ് ഓയിൽ, ഇന്ധന ശേഖരം ഉണ്ടെന്നും പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവയ്ക്ക് ഉടനടി ക്ഷാമമുണ്ടാകില്ലെന്നും പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി വ്യക്തമാക്കി. ഗൾഫ് മേഖലയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം മന്ത്രാലയം സജ്ജമാക്കിയിട്ടുണ്ട്.
ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസപ്പെട്ടത് ആഗോള എണ്ണ വിപണിയെ ബാധിച്ചിട്ടുണ്ട്. ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ പകുതിയോളം ഈ പാതയിലൂടെയാണ് എത്തിയിരുന്നത്.
എന്നാൽ, നിലവിൽ റഷ്യ, വടക്കേ അമേരിക്ക, ലാറ്റിൻ അമേരിക്ക, പശ്ചിമാഫ്രിക്ക എന്നിവിടങ്ങളിൽ നിന്നായി 40-ഓളം രാജ്യങ്ങളിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിലൂടെ ഹോർമുസ് പാതയെ ആശ്രയിക്കുന്നത് 40 ശതമാനമായി കുറയ്ക്കാൻ ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്. ഇതു വിതരണ തടസം നേരിടാൻ രാജ്യത്തെ സഹായിക്കുമെന്നും പെട്രോളിയം മന്ത്രി പറഞ്ഞു.
പ്രതിദിനം 50 ലക്ഷം ബാരലിലധികം ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്ന ഇന്ത്യക്ക്, തന്ത്രപ്രധാനമായ ഭൂഗർഭ ശേഖരങ്ങൾ കൂടാതെ, മൂന്നാഴ്ചയിലധികം നീണ്ടുനിൽക്കുന്ന ഇന്ധന സ്റ്റോക്കുണ്ട്. പ്രകൃതിവാതകത്തിന്റെ കാര്യത്തിലും ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. ഖത്തറിൽ നിന്നുള്ള എൽഎൻജി വിതരണത്തിൽ കുറവുണ്ടായെങ്കിലും കാനഡ, നോർവേ എന്നീ രാജ്യങ്ങളുമായി സർക്കാർ ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു.
കൂടാതെ യുഎസ്, ഓസ്ട്രേലിയ, റഷ്യ എന്നിവയുമായുള്ള ദീർഘകാല കരാറുകളും ഇന്ത്യക്ക് തുണയാകുമെന്നും ഹർദീപ് സിംഗ് പുരി പറഞ്ഞു. ലഭ്യതയേക്കാൾ ഉപരിയായി ക്രൂഡ് ഓയിൽ വില വർധനയാണ് നിലവിൽ രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളി. ഇപ്പോഴത്തെ സാഹചര്യം രണ്ടാഴ്ചയ്ക്കുള്ളിൽ ശാന്തമാകുമെന്നാണ് സർക്കാർ വിലയിരുത്തുന്നത്.
