കണ്ണൂർ: സിപിഎം സ്ഥാനാർഥിയായി ടി.ഐ. മധുസൂദനൻ രംഗത്തെത്തുമെന്ന് ധാരണയായി. ഇതോടെ പയ്യന്നൂരിലെ സിപിഎം ഫണ്ടുതട്ടിപ്പിന്റെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയ മുൻ ജില്ലാകമ്മിറ്റിയംഗം വി. കുഞ്ഞികൃഷ്ണൻ സ്വതന്ത്രനായി മത്സരിക്കുമെന്നും ഉറപ്പായി. ഈ സാഹചര്യത്തിൽ സിപിഎമ്മിന്റെ പരാജയത്തിന് കളമൊരുക്കാൻ കോൺഗ്രസ് കുഞ്ഞികൃഷ്ണന് പിന്തുണ നൽകാനുള്ള നീക്കമാണ് ഉന്നതങ്ങളിൽ നടക്കുന്നത്.
കോൺഗ്രസിനും യുഡിഎഫിനും ബാലികേറാമലയായ പയ്യന്നൂരിൽ കുഞ്ഞികൃഷ്ണന് പിന്തുണ നൽകുന്നതോടെ എൽഡിഎഫിനെ പരാജയപ്പെടുത്തുകയെന്ന ലക്ഷ്യമാണ് കോൺഗ്രസ് നേതൃത്വത്തിന്. ഉന്നതതലങ്ങളിൽ നടന്ന ചർച്ചകളിൽ ഇക്കാര്യത്തിൽ ധാരണയായതായാണ് സൂചന.
ജില്ലയിലെ മറ്റു മണ്ഡലങ്ങളിൽ രണ്ടും മൂന്നും പേരുകൾ യുഡിഎഫിന്റെ സ്ഥാനാർഥിത്വത്തിലേക്ക് ഉയർന്നുവന്നുവെങ്കിലും പയ്യന്നൂരിൽനിന്നും ആരുടേയും പേരുകളുയർന്നിരുന്നില്ല.
വെള്ളൂർ, കരിവെള്ളൂർ, രാമന്തളി, പെരിങ്ങോം എന്നിവിടങ്ങളിൽ ഇ തിനകം കുഞ്ഞികൃഷ്ണൻ അനുകൂല തരംഗം രൂപപ്പെട്ടിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ കുഞ്ഞികൃഷ്ണന് പിന്തുണ നൽകുന്നതിലൂടെ പയ്യന്നൂരിൽ നിലനിന്നുവന്ന സിപിഎമ്മിന്റെ കുത്തകയായിരുന്ന വിജയത്തിന് തടയിടാനുള്ള സുവർണാവസരമായാണ് യുഡിഎഫ് നേതൃത്വം കാണുന്നത്.
