പത്തനംതിട്ട: മന്ത്രി വീണാ ജോര്‍ജിനെ ആറന്മുളയില് ഇനി മത്സരിപ്പിക്കേണ്ടതില്ലെന്ന തീരുമാനം വ്യക്തിപരമായിരുന്നുവെന്ന് ഭര്‍ത്താവ് ഡോ.ജോര്‍ജ് ജോസഫ്. കുടുംബത്തിന് വീണയുടെ സാന്നിധ്യം കൂടുതലായി വേണമെന്ന ഒരു തോന്നല്‍ ഉണ്ടായതുകൊണ്ടാണ് ഇത്തവണ സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറിയോട് ആവശ്യപ്പെട്ടതെന്ന് ജോര്‍ജ് ജോസഫ് പറഞ്ഞു. രാവിലെ ഒരു സ്വകാര്യ ചാനലിനു നല്കിയ അഭിമുഖത്തില്‍ പാര്‍ട്ടി അംഗമെന്ന നിലയില്‍ സിപിഎം തീരുമാനം അംഗീകരിക്കാന്‍ വീണയ്ക്കു ബാധ്യതയുണ്ടെന്നും ജോര്‍ജ് അഭിപ്രായപ്പെട്ടു.
കണ്ണൂരില്‍ കഴിഞ്ഞയാഴ്ചയുണ്ടായ സംഭവവികാസങ്ങള്‍ ഏറെ വേദനിപ്പിച്ചു. ഈ സംഭവത്തില്‍ തന്റെ കുഞ്ഞുങ്ങളുടെ വേദന കണ്ടാണ് ഇനി മത്സരിക്കേണ്ട എന്ന തീരുമാനത്തിലേക്ക് താന്‍ എത്തിയത്.
കണ്ണൂര്‍ സംഭവം ടിവിയിലൂടെ അറിയുമ്പോള്‍ താന്‍ കൊടുമണ്‍ അങ്ങാടിക്കലിലെ വീട്ടിലും മക്കള്‍ തിരുവനന്തപുരുത്തുമായിരുന്നു. സംഭവം അറിഞ്ഞ് കുഞ്ഞുങ്ങള്‍ ഏറെ പ്രയാസപ്പെട്ടു. അവര്‍ വിളിച്ചുകൊണ്ടേയിരുന്നു. താന്‍ കണ്ണൂരിലേക്ക് പോകേണ്ടിവന്നു. സാധാരണനിലയില്‍ തന്നെ ബുദ്ധിമുട്ടിപ്പിക്കാന്‍ വീണ ആഗ്രഹിക്കാറില്ലെങ്കിലും അന്ന് അവിടേക്ക് വരാമെന്നു പറഞ്ഞപ്പോള്‍ വരാനാണ് പറഞ്ഞത്. കണ്ണൂരിലേക്ക് താന്‍ കൂടി പോയപ്പോള്‍ മക്കള്‍ ഏറെ പ്രയാസപ്പെട്ടു.
അവിടെ എത്തിയശേഷം അവരെ ഫോണില്‍ വിളിച്ച് വീണയുമായി സംസാരിച്ചപ്പോഴാണ് ചെറിയ ആശ്വാസം തോന്നിയത്. വീണാ ജോര്‍ജ് തന്നെ വീണ്ടും ആറന്മുളയില് സ്ഥാനാര്‍ഥിയാകുമെന്ന തരത്തില്‍ ഇതിനിടെ സിപിഎം തീരുമാനം വന്നു. അപ്പോഴാണ് ജില്ലാ സെക്രട്ടറിയെ ഫോണില്‍ വിളിച്ച് ഒഴിവാക്കാന്‍ ആവശ്യപ്പെട്ടത്. മക്കള്‍ പ്രായമായശേഷം ഇനി നോക്കാമെന്നായിരുന്നു താത്പര്യം. പക്ഷേ, പാര്‍ട്ടി തീരുമാനം മറിച്ചാണെങ്കില്‍ അതിനനുസരിച്ച് മുന്നോട്ടു പോകട്ടേയെന്നും ജോര്‍ജ് പറയുന്നു.
