തിരുവല്ല: തിരുവല്ലയില്‍ ഏഴ് ദിനങ്ങളിലെ കലാമാമാങ്കത്തിന് ഇന്ന് തിരശീല. മഹാത്മഗാന്ധി സര്‍വകലാശാല കലോത്സവം ഇണൈമൈ ഇന്ന് സമാപിക്കും. വൈകിയെത്തുന്ന മത്സരഫലങ്ങള്‍ അന്തിമ പോയിന്റ് നിര്‍ണയത്തിനു കാലതാമസം വരുത്തുന്നുണ്ടെങ്കിലും ഇന്നലെ വരെ ലഭ്യമായ പോയിന്റുകളില്‍ എറണാകുളം മഹാരാജാസ് കോളജ് മുന്നിലെത്തി.
തേവര എസ്എച്ച് കോളജ് രണ്ടാം സ്ഥാനത്താണ്്. നേരിയ പോയിന്റുകളുടെ വ്യത്യാസമാണ് ഇരു കോളജുകള്ക്കുമുള്ളത്.തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജ് മൂന്നാം സ്ഥാനത്താണ്. പൂര്‍ത്തിയായ പല മത്സരങ്ങളുടെയും ഫലങ്ങള്‍ കൂടി പോയിന്റ് നിലയില്‍ ഉള്പ്പെടുത്താനുള്ളതിനാല് ലീഡ് നിലയില്‍ മാറ്റംമറിച്ചിലുകള്‍ പ്രതീക്ഷിക്കുന്നു.
ഒരേ ഇനത്തില്‍ ഒന്നിലേറെ ഒന്നും രണ്ടും സ്ഥാനങ്ങള്‍ വരുന്നതോടെ കോളജുകളുടെ പോയിന്റ് നിലകളില്‍ പൊടുന്നനേ വ്യത്യാസം ഉണ്ടാകാം.
ഇന്നു വൈകുന്നേരത്തോടെ മത്സരങ്ങള്‍ പൂര്‍ത്തീകരിച്ച് പബ്ലിക് സ്റ്റേഡിയത്തിലെ കേരളം വേദിയില്‍ സമാപന സമ്മേളനത്തിനുള്ള തയാറെടുപ്പാണ് സംഘാടകര്‍ നടത്തുന്നത്.
സമാപന സമ്മേളനം വൈകുന്നേരം ചലച്ചിത്ര നടന് ടൊവിനോ തോമസ് ഉദ്ഘാടനം ചെയ്യും.കലാതിലക പട്ടത്തിന് മൂവാറ്റുപുഴ നിര്‍മല കോളജിലെ അപര്‍ണ മോഹനാണ് മുന്നില്‍. 19 പോയിന്റ് അപര്‍ണയ്ക്കുണ്ട്. കോട്ടയം ബിസിഎം കോളജിലെ നിഹാര ബി. ദേവ് 18 പോയിന്റോടെ തൊട്ടു പിന്നിലുണ്ട്. കലാപ്രതിഭയാകാന് തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജിലെ എസ്. വിഷ്ണുവാണ് മുന്നില്‍. വിഷ്ണുവിന് 13 പോയിന്റുണ്ട്.
പാലാ സെന്റ് തോമസ് കോളജിലെ ശ്യാംജിത് സജീവിന് 11 പോയിന്റ് ലഭിച്ചു. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന്റെ പ്രതിഭ തിലക പട്ടത്തിന് എറണാകുളം സെന്റ് തെരേസാസിലെ സഞ്ജന ചന്ദ്രനാണ് മുന്നിലുള്ളത്. സഞ്ജനയ്ക്ക് 19 പോയിന്റാണുള്ളത്. തേവര എസ്എച്ചിലെ സിയ പവല്‍ 15 പോയിന്റും നേടിയിട്ടുണ്ട്.
