ചേർത്തല: ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ലൈഫ് പദ്ധതിയിൽ പട്ടികജാതി-പട്ടികവർഗക്കാർക്കായി നൽകിയ വീടുകളുടെ പകുതിപോലും പിണറായി സർക്കാർ നൽകിയിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. കേരള വേലൻ മഹാസഭ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ശതാബ്ദി ആഘോഷ വിളംബര സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പട്ടികജാതിക്കാർക്ക് മാത്രമായി പ്രത്യേകഭവന പദ്ധതി തന്നെ കൊണ്ടുവരണം. അഞ്ചുവർഷംകൊണ്ട് കേരള സർക്കാർ പട്ടികജാതിക്കാർക്ക് അനുവദിച്ച 112 കോടി രൂപ ഉപയോഗപ്പെടുത്തിയിട്ടില്ല. പിഎസ്സി നിയമനങ്ങൾ താഴേക്കുപോയി. എല്ലാ വകുപ്പുകളിലും നിയമനങ്ങൾ നോക്കുകുത്തിയായി മാറി.
ഇപ്പോൾ നടക്കുന്നത് പിൻവാതിൽ നിയമനങ്ങൾ മാത്രം. സിപിഎം ഇഷ്ടക്കാരെ പിൻവാതിലൂടെ നിയമിക്കുകയാണ്. ഇതിലൂടെ നഷ്ടമാകുന്നത് സംവരണമാണെന്നും വി.ഡി. സതീശൻ പറഞ്ഞു.ദേശീയപാതയിൽ പോലീസ് സ്റ്റേഷനു സമീപത്തുനിന്നും തുടങ്ങിയ വിളംബരറാലി കേന്ദ്ര തൊഴിൽ സഹമന്ത്രി ശോഭ കലന്ത് രാജ ഫ്ലാഗ് ഓഫ് ചെയ്തു.
തുടർന്ന് വടക്ക് അങ്ങാടി കവലയ്ക്കു സമീപം വിടിഎഎം ഹാളിൽ നടന്ന സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് കെ.കെ. ഹരിദാസ് അധ്യക്ഷത വഹിച്ചു. കൃഷിമന്ത്രി പി. പ്രസാദ്, മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ, എ.എം. ആരിഫ്, സി.കെ. ഷാജിമോഹൻ, ജോഷി പരമേശ്വരൻ, എസ്. നാരായണൻ, എം.എസ്. ബാഹുലേയൻ, രാജീവ് നെല്ലിക്കുന്നേൽ, പി.കെ. ബിനോയ് എന്നിവർ പ്രസംഗി ച്ചു.

