കാഠ്മണ്ഡു: നേപ്പാൾ തെരഞ്ഞെടുപ്പിൽ ബാലേന്ദ്ര ഷായുടെ ആർഎസ്പിക്ക് ചരിത്രവിജയം. പരന്പരാഗത പാർട്ടികളെ തകർത്തെറിഞ്ഞാണ് ആർഎസ്പി കുതിച്ചത്. നേരിട്ടു തെരഞ്ഞെടുപ്പ് നടന്ന 165 സീറ്റുകളിൽ 120 എണ്ണം ആർഎസ്പി നേടി. ആറിടത്ത് ലീഡ് ചെയ്യുന്നു. രണ്ടാം സ്ഥാനത്തെത്തിയ നേപ്പാളി കോൺഗ്രസിന് വെറും 17 സീറ്റാണുള്ളത്. മുൻ പ്രധാനമന്ത്രി കെ.പി. ശർമ ഒലി നേതൃത്വം നല്കുന്ന സിപിഎൻ-യുഎംഎൽ ഏഴു സീറ്റിലാണു വിജയിച്ചത്. മൂന്നിടത്ത് ലീഡ് ചെയ്യുന്നു. നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടി (എൻസിപി) ഏഴിടത്തു വിജയിച്ചു.
കാഠ്മണ്ഡു താഴ്വരയിലെ മൂന്നു ജില്ലകളിലെ 15 സീറ്റിലും ആർഎസ്പി വിജയിച്ചു. ബാലെൻ എന്നറിയപ്പെടുന്ന ബാലേന്ദ്ര ഷാ, നാലു തവണ പ്രധാനമന്ത്രിയായ കെ.പി. ശർമ ഒലിയെ ഝാപ്പ-5 മണ്ഡലത്തിൽ 50,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി. ബാലെൻ 68,348 വോട്ട് നേടിയപ്പോൾ ഒലിക്ക് കിട്ടിയത് 18,734 വോട്ട് മാത്രമാണ്.
ആർഎസ്പി ചെയർമാൻ രവി ലാമിചാനെ ചിത്വൻ-2 മണ്ഡലത്തിൽ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. നേപ്പാളി കോൺഗ്രസിന്റെ പ്രധാനമന്ത്രിസ്ഥാനാർഥി ഗഗൻ ഥാപ്പ (49) ധനുഷ-4 മണ്ഡലത്തിൽ പരാജയപ്പെട്ടു. നേപ്പാളി കോൺഗ്രസിന്റെ പ്രധാന നേതാക്കളായ ഗുരു രാജ് ഗിമിരെ, ശേഖർ കൊയ്രാള, ബിമലേന്ദ്ര നിധി എന്നിവർ പരാജയപ്പെട്ടു. സിപിഎൻ-യുഎംഎൽ ജനറൽ സെക്രട്ടറി ശങ്കർ പൊക്രിയാൽ പരാജയപ്പെട്ടു. മുൻ പ്രധാനമന്ത്രി പുഷ്പ കമൽ ദഹൽ പ്രചണ്ഡ വിജയിച്ചു.
ബാലേന്ദ്ര ഷാ പ്രധാനമന്ത്രിയാകുമെന്ന് ഉറപ്പാണ്. മാധേശി വിഭാഗത്തിൽനിന്നുള്ള ആദ്യ പ്രധാനമന്ത്രിയാകും ബാലെൻ. 110 പാർലമെന്റ് അംഗങ്ങളെ ആനുപാതിക വോട്ടിന്റെ അടിസ്ഥാനത്തിലാണു തെരഞ്ഞെടുക്കുക. ആർഎസ്പിക്ക് 24,55,764 വോട്ട് ലഭിച്ചു. രണ്ടാം സ്ഥാനത്ത് നേപ്പാളി കോൺഗ്രസാണ്-8,31,224 വോട്ട്. സിപിഎൻ-യുഎംഎൽ 7,09, 575 വോട്ടോടെ മൂന്നാം സ്ഥാനത്തെത്തി.
