1.6 കോടി സൈനികരുടെയും യുദ്ധത്തില്‍ മരിച്ച നാലു ലക്ഷത്തിലധികം പേരുടെയും സ്മരണാര്‍ഥം നിര്‍മിച്ച സ്മാരകമാണ് വാഷിംഗ്ടൺ ഡിസിയിലെ നാഷണൽ മാളിലുള്ള രണ്ടാം ലോകമഹായുദ്ധ സ്മാരകം. യുഎസ് ആദരവോടെ കാണുന്ന ഇടമാണ് ഇത്.
യുദ്ധസ്മാരകത്തിനു മുന്നില്‍ ഇന്ത്യക്കാരന് നൃത്തം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ ആ നൃത്തത്തിന്റെ പേരിൽ അമേരിക്കയിൽ നാടുകടത്തല്‍ ഭീഷണിയിലാണ് അദ്ദേഹം. മധു രാജു എന്ന യുവാവിനെതിരേയാണ് യുഎസ് ഇമിഗ്രേഷന്‍ വിഭാഗം കര്‍ശന നടപടിക്കൊരുങ്ങുന്നത്.
രണ്ടാം ലോകമഹായുദ്ധ സ്മാരകത്തിനു മുന്നിൽ ഇയാൾ ഒരു യുവതിക്കൊപ്പം ‘ഡോണ്ട് റഷ് ചലഞ്ച്’ എന്നപേരില്‍ നൃത്തം ചെയ്യുകയും അതു സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തു. യുവാവിനൊപ്പം സ്മാരകത്തിനു മുന്നില്‍ നൃത്തം ചെയ്ത സ്ത്രീയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
നോൺ ഇമിഗ്രന്റ് വീസയിൽ അമേരിക്കയിൽ എത്തിയ മധു രാജു പാലോ ആൾട്ടോ നെറ്റ്വർക്സ് എന്ന സൈബർ സെക്യൂരിറ്റി സ്ഥാപനത്തിലെ ജീവനക്കാരനാണെന്നു സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. വിവാദ വീഡിയോ തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിൽനിന്ന് ഇയാൾ നീക്കം ചെയ്തിട്ടുണ്ട്.
