പരവൂർ: കൊങ്കൺ റെയിൽവേ പാതയിൽ ടിക്കറ്റില്ലാത്ത യാത്രക്കാരെയും ക്രമരഹിതമായി യാത്ര ചെയ്യുന്നവരെയും കണ്ടെത്താൻ നടത്തിയ പരിശോധനയിലൂടെ ഫെബ്രുവരിയിൽ മാത്രം 2.41 കോടി രൂപ പിഴയായി ഈടാക്കി.കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡ് നടത്തിയ 873 പ്രത്യേക പരിശോധനകളിലായി 41,522 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
കേരളത്തിലേക്ക് സർവീസ് നടത്തുന്ന ട്രെയിനുകളിലടക്കമാണ് കർശനവും വ്യാപകവുമായ പരിശോധനകൾ നടത്തിയത്. ടിക്കറ്റ് നിരക്കിനത്തിലും പിഴയായുമാണ് ഇത്രയും തുക റെയിൽവേ ശേഖരിച്ചത്. 2025-26 സാമ്പത്തിക വർഷത്തിന്റെ തുടക്കം മുതൽ ഫെബ്രുവരി വരെയുള്ള കണക്കുകൾ പ്രകാരം ആകെ 25.21 കോടി രൂപയാണ് ടിക്കറ്റ് പരിശോധനയിലൂടെ പിഴയായി ലഭിച്ചത്.
ഈ കാലയളവിൽ ആകെ 10,368 പ്രത്യേക പരിശോധനാ ഡ്രൈവുകൾ നടത്തി. ഇതിലൂടെ 4,54,849 നിയമലംഘനങ്ങളാണ് റെയിൽവേ അധികൃതർ കണ്ടെത്തിയത്. വരും മാസങ്ങളിലെ വേനലവധിക്കാല സീസൺ പ്രമാണിച്ച് പാതയിൽ പരിശോധനകൾ കൂടുതൽ കർശനമാക്കാനാണ് റെയിൽവേയുടെ തീരുമാനം.
അംഗീകൃത ടിക്കറ്റുകൾ കൈവശം വച്ച് മാത്രം യാത്ര ചെയ്യണമെന്നും അല്ലാത്തപക്ഷം കർശനമായ നിയമനടപടികൾ നേരിടേണ്ടി വരുമെന്നും കൊങ്കൺ റെയിൽവേ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന്റെയും മറ്റ് ഉദ്യോഗസ്ഥരുടെയും സഹകരണത്തോടെ എല്ലാ റൂട്ടുകളിലും വരും ദിവസങ്ങളിൽ പരിശോധനകൾ തുടരും. ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്നവർക്ക് സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കുന്നതിനാണ് ഈ നടപടിയെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി.
