പയ്യന്നൂര്‍: വേനല്‍ച്ചൂടിനെ വെല്ലുന്ന തെരഞ്ഞെടുപ്പ് ചൂടിലേക്ക് പയ്യന്നൂര്‍. സിറ്റിംഗ് എംഎല്‍എയായ ടി.ഐ. മധുസൂദനനെതിരെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കപ്പെട്ട് സ്വതന്ത്രനായി മത്സരിക്കുന്ന വി. കുഞ്ഞികൃഷ്ണനു യുഡിഎഫ് പിന്തുണ. ഇതോടെ പയ്യന്നൂര്‍ ഇതുവരെ കണ്ടിട്ടില്ലാത്ത തെരഞ്ഞെടുപ്പുചൂടിലേക്ക് കടക്കുകയാണ്.
യുഡിഎഫിന്റെ സീറ്റ് വിഭജന ചര്‍ച്ചയില്‍ പയ്യന്നൂര്‍ മണ്ഡലം ആര്‍എസ്പിക്ക് നല്കാന് ധാരണയായെന്നും ആര്‍എസ്പി കുഞ്ഞികൃഷ്ണനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചതായുമാണ് സൂചന. ഇതോടെ തത്വത്തില്‍ യുഡിഎഫ് പിന്തുണ കുഞ്ഞികൃഷ്ണനാകുന്നതോടെയാണ് പയ്യന്നൂരിന്റെ തെരഞ്ഞെടുപ്പ് രംഗം ചൂടുപിടിക്കുന്നത്.
അതേസമയം, സ്വാതന്ത്ര്യ സമരത്തിന്റെ ഈടുവെപ്പുകളുള്ള മണ്ണ് ആര്‍എസ്പിക്ക് നല്‍കുന്നതിനോട് കോണ്‍ഗ്രസ് നേതാക്കള്‍ക്കുപോലും അതൃപ്തിയുണ്ട്. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിലുണ്ടാക്കുന്ന ധാരണയില്‍ കോണ്‍ഗ്രസിനുതന്നെ കുഞ്ഞികൃഷ്ണന് പിന്തുണ കൊടുക്കാനാകുമെന്നാണ് അവര്‍ ചൂണ്ടിക്കാണിക്കുന്നത്. ഫലത്തില്‍ യുഡിഎഫ് പിന്തുണ കുഞ്ഞികൃഷ്ണന് ഉറപ്പാക്കിയ സാഹചര്യമാണുള്ളത്.
ഇതോടെ മണ്ഡല രൂപീകരണം മുതല്‍ ഇടതുപക്ഷത്തെ കൈവിടാത്ത പയ്യന്നൂരിന്റെ തെരഞ്ഞെടുപ്പ് ചിത്രം മാറുമോയെന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം. ആദ്യ നിയമസഭാ തെരഞ്ഞെടുപ്പ് മുതല്‍ ഇടതുപക്ഷത്തിന്റെ ഭൂരിപക്ഷം പടിപടിയായി ഉയര്‍ന്ന് 49,780 വോട്ടിന്റെ റിക്കാര്‍ഡ് ഭൂരിപക്ഷത്തിനായിരുന്നു 2021ല്‍ മധുസൂദനന്റെ വിജയം. എന്നാല്‍, ഇന്ന് അന്നുണ്ടായിരുന്ന രാഷ്ട്രീയ അന്തരീക്ഷമല്ലെന്നും ഇക്കുറി കൂടുതല്‍ വിയര്പ്പൊഴുക്കേണ്ടിവരുമെന്നുമാണ് വിലയിരുത്തല്‍.
