പരവൂർ: ഉത്സവ സീസണുകളിലും മറ്റും വിവിധ റെയിൽവേ സ്റ്റേഷനുകളിൽ അനുഭവപ്പെടുന്ന അനിയന്ത്രിതമായ തിരക്ക് നിയന്ത്രിക്കാൻ വിപ്ലവകരമായ മാറ്റങ്ങളുമായി ഇന്ത്യൻ റെയിൽവേ.ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലാണ് പരീക്ഷണാടിസ്ഥാനത്തിൽ പുതിയ പ്രവേശന-സുരക്ഷാ സംവിധാനങ്ങൾ ഉടൻ പ്രാബല്യത്തിൽ വരുന്നത്. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിന് ശേഷമാണ് ഈ സുപ്രധാന തീരുമാനം.
യാത്രക്കാർ സ്റ്റേഷനിൽ പ്രവേശിക്കുന്ന രീതി പൂർണമായും ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി എൻട്രി പോയിന്റുകളിൽ ക്യുആർ കോഡ് സ്കാനിംഗ് ഏർപ്പെടുത്തും. റിസർവ് ചെയ്ത ടിക്കറ്റുകൾ, പ്രതിമാസ പാസുകൾ, അൺറിസർവ്ഡ് ടിക്കറ്റുകൾ എന്നിവയുള്ളവർക്ക് പ്രത്യേകം കവാടങ്ങൾ ഉണ്ടായിരിക്കും. ഇതുവഴി ഗേറ്റുകളിലെ തിരക്ക് കുറയ്ക്കാനും യാത്രക്കാരുടെ നീക്കം കൂടുതൽ സുരക്ഷിതമാക്കാനും സാധിക്കും.
വരാനിരിക്കുന്ന ദീപാവലി, ഛഠ് പൂജ തിരക്കുകൾ മുന്നിൽക്കണ്ടാണ് ഈ പരിഷ്കാരം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുന്നത്. 2025-ലെ ഉത്സവ തിരക്കിനിടെയുണ്ടായ അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് സുരക്ഷാ ക്രമീകരണങ്ങൾ കർശനമാക്കുന്നത്.സ്റ്റേഷനുള്ളിൽ സഹായത്തിനായി ആരെ സമീപിക്കണമെന്ന് യാത്രക്കാർക്ക് പെട്ടെന്ന് തിരിച്ചറിയാൻ “കളർ കോഡഡ്’ യൂണിഫോം സംവിധാനവും വരുന്നു.
റെയിൽവേ ജീവനക്കാർ ഫ്ലൂറസെന്റ് ജാക്കറ്റുകളും വെണ്ടർമാർ, പോർട്ടർമാർ, ഐആർസിടിസി ഉദ്യോഗസ്ഥർ എന്നിവർ പ്രത്യേക നിറങ്ങളിലുള്ള യൂണിഫോമും ധരിക്കണം. എല്ലാവർക്കും ഐഡി കാർഡുകൾ നിർബന്ധമാക്കും. പ്ലാറ്റ്ഫോമുകളിലും കവാടങ്ങളിലും അത്യാധുനിക കാമറകൾ സ്ഥാപിക്കും.
ഇവ കൺട്രോൾ റൂമുമായി ബന്ധിപ്പിക്കുന്നതിലൂടെ അസാധാരണമായ തിരക്കോ മറ്റ് പ്രശ്നങ്ങളോ ഉണ്ടായാൽ ഉടനടി ജാഗ്രതാ നിർദേശം നൽകാൻ കഴിയും. ഇതിന് പുറമെ, റെയിൽവൺ ആപ്പ് വഴി ഭാരത് ടാക്സി സേവനങ്ങളും ലഭ്യമാക്കും. ന്യൂഡൽഹിയിലെ ഈ പരീക്ഷണം വിജയിച്ചാൽ രാജ്യത്തെ മറ്റ് പ്രധാന സ്റ്റേഷനുകളിലേക്കും ഈ സംവിധാനം വ്യാപിപ്പിക്കാനാണ് റെയിൽവേ ലക്ഷ്യമിടുന്നത്.
- എസ്.ആർ. സുധീർ കുമാർ
