ചാത്തന്നൂർ: നിയമസഭാ തെരഞ്ഞെടുപ്പു കഴിയുമ്പോൾ കേരളം അജൈവ മാലിന്യങ്ങളുടെ കൂമ്പാരമാകും. കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറുടെ ഓഫീസും തദ്ദേശ സ്വയം ഭരണ വകുപ്പും ചേർന്ന് ശുചിത്വ മിഷന്റെ സഹകരണത്തോടെ തയാറാക്കിയ ഗ്രീൻ നിയമസഭ തിരഞ്ഞെടുപ്പ് -2026 എന്ന രേഖയിലാണ് ഇത് വ്യക്തമാക്കുന്നത്.ഫ്ലക്സ്, നിരോധിത പ്ലാസ്റ്റിക് കൊണ്ടുള്ള വസ്തുക്കൾ തുടങ്ങിയവ തെരഞ്ഞെടുപ്പിൽ വ്യാപകമായി ഉപയോഗിക്കപ്പെടും. ഇത്തരത്തിൽ 5972 ടൺ അജൈവ മാലിന്യങ്ങൾ ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്.
എന്നാൽ യഥാർഥത്തിൽ അജൈവ മാലിന്യം 12,000 ടണ്ണിലധികമാകാനാണ് സാധ്യത. കഴിഞ്ഞ ജനുവരി മുതൽ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഭരണപക്ഷം ഉദ്ഘാടനങ്ങളുടെ മാമാങ്കം നടത്തിവരികയായിരുന്നു. ഓരോ ഉദ്ഘാടനങ്ങൾക്കും നിരവധി ഫ്ലക്സ് ബോർഡുകളും ഹോൾഡിംഗ് സുകളും സ്ഥാപിച്ചിട്ടുണ്ട്.
കൂടാതെ ഇടതുമുന്നണിയുടെ ഭരണ നേട്ടം വിളംബരം ചെയ്യുന്ന കൂറ്റൻ ഹോൾ സിംഗ്സുകൾ സകല പാതയോരത്തും സ്ഥാപിച്ചിട്ടുണ്ട്. കെഎസ്ആർടിസി ബസുകളിൽ സ്ഥാപിച്ച ബോർഡുകൾ വേറെ. ഇവയെല്ലാം കൂടി 6000 ടണ്ണിലധികം വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇത് ഗ്രീൻ നിയമസഭ തിരഞ്ഞെടുപ്പ് -2026 എന്ന രേഖയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇതും കൂടി കണക്കാക്കുമ്പോൾ അജൈവ മാലിന്യങ്ങളുടെ വമ്പൻകൂമ്പാരമായി കേരളം മാറും.
വളരെ മൃദുവായ പോളി എത്തിലിനും (പി ഇ) തുണിയും ഉപയോഗിച്ച് മാത്രമേ ബോർഡുകളും ബാനറുകളും തയാറാക്കാൻ സർക്കാർ അനുമതിയുള്ളൂ. പക്ഷേ ഇത് അവഗണിച്ചു കൊണ്ടാണ് ഗുരുതര പ്രശ്നങ്ങളുണ്ടാക്കുന്ന പോളി വിനൈൽ ക്ലോറൈഡ് കൊണ്ടുള്ള ഫ്ലക്സും നിരോധിത പ്ലാസ്റ്റിക് കൊണ്ടുള്ള ഉല്പന്നങ്ങളും തിരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്നത്.
ശുചിത്വ മിഷന്റെ സഹായത്തോടെ തയാറാക്കിയ രേഖയിൽ വ്യക്തമാക്കുന്ന അജൈവമാലിന്യങ്ങളുടെ കണക്ക് ഇങ്ങനെ . ബാനറുകളും ഹോൾസിംഗ് സുകളും 2150 ടൺ . പതാകകളും ഫെസ്റ്റൂണുകളും 980 ടൺ. ഡിസ്പോസിബിൾ കപ്പുകളും പ്ലേറ്റുകളും നിരോധിത പ്ലാസ്റ്റിക് സാച്ചെറ്റുകളും 1416 ടൺ. പ്ലാസ്റ്റിക് കോട്ടഡ് നോട്ടീസുകൾ, കാർഡുകൾ, പിന്നെ ലഘുലേഖകൾ, സ്ലിപ്പുകൾ എന്നിവ വേറെ. ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്ന അജൈവ വസ്തുക്കൾ ഉപേക്ഷിച്ചു കൊണ്ടുള്ള തിരഞ്ഞെടുപ്പു പ്രചരണം ജന സേവകർക്ക് സാധ്യമല്ലെന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.
- പ്രദീപ് ചാത്തന്നൂർ
