പരവൂർ: ട്രെയിൻ യാത്രക്കാർക്ക് സുരക്ഷിതവും ശുചിത്വവുമുള്ള ഭക്ഷണം ഉറപ്പാക്കുന്നതിനായി വിപ്ലവകരമായ പരിഷ്കാരങ്ങളുമായി ഇന്ത്യൻ റെയിൽവേ. ഇനി മുതൽ ട്രെയിനുകളിൽ ഭക്ഷണം വിൽക്കുന്ന എല്ലാ വെണ്ടർമാർക്കും ക്യുആർ കോഡ് തിരിച്ചറിയൽ കാർഡുകൾ നിർബന്ധമാക്കി. ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും ട്രെയിനുകളിൽ അനധികൃത കച്ചവടക്കാരെ തടയുന്നതിനുമാണ് ഈ പുതിയ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്.
റെയിൽവേ ആക്ടിലെ സെക്ഷൻ 144 പ്രകാരം അനുമതിയില്ലാതെ ട്രെയിനിൽ ഭക്ഷണം വിൽക്കുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത് ഫലപ്രദമായി തടയാൻ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും (ആർപിഎഫ്) ഉദ്യോഗസ്ഥരും സംയുക്തമായി പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. പുതിയ സംവിധാനം പ്രകാരം ഓരോ വെണ്ടർക്കും പ്രത്യേക ക്യുആർ കോഡ് ഐഡി ഉണ്ടായിരിക്കും.
യാത്രക്കാർക്കോ ഉദ്യോഗസ്ഥർക്കോ ഈ കോഡ് സ്കാൻ ചെയ്യുന്നതിലൂടെ ജീവനക്കാരന്റെ പേര്, ആധാർ വിവരങ്ങൾ, പോലീസ് വെരിഫിക്കേഷൻ സ്റ്റാറ്റസ്, മെഡിക്കൽ ഫിറ്റ്നസ് എന്നിവ തൽസമയം പരിശോധിക്കാൻ സാധിക്കും. കൂടാതെ, ഭക്ഷണ പായ്ക്കറ്റുകളിലെ ക്യുആർ കോഡ് സ്കാൻ ചെയ്താൽ ഭക്ഷണം തയാറാക്കിയ അടുക്കളയുടെ പേരും തീയതിയും അറിയാനും കഴിയും.
ഭക്ഷണത്തിന്റെ ശുചിത്വം ഉറപ്പാക്കാൻ ബേസ് കിച്ചണുകളിൽ സിസിടിവി കാമറകൾ സ്ഥാപിച്ച് നിരീക്ഷണം കർശനമാക്കിയിട്ടുണ്ട്. എഫ്എസ്എസ്എഐ സർട്ടിഫിക്കേഷൻ ഉള്ള ജീവനക്കാർക്ക് മാത്രമേ പാൻട്രി കാറുകളിലും അടുക്കളകളിലും ജോലി ചെയ്യാൻ അനുമതിയുള്ളൂ. ഇതിന് പുറമെ, അപ്രതീക്ഷിത പരിശോധനകൾക്കായി പ്രത്യേക സ്ക്വാഡുകളെയും സ്വതന്ത്ര ഓഡിറ്റർമാരെയും റെയിൽവേ നിയോഗിച്ചിട്ടുണ്ട്.
അനധികൃത കച്ചവടം ശ്രദ്ധയിൽപ്പെട്ടാൽ ക്രിമിനൽ നടപടികൾ ഉൾപ്പെടെയുള്ള കടുത്ത ശിക്ഷകൾ നൽകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഡിജിറ്റൽ സംവിധാനങ്ങളിലൂടെ കാറ്ററിംഗ് രംഗത്ത് സുതാര്യത കൊണ്ടുവന്ന് യാത്രക്കാരുടെ വിശ്വാസം ആർജിക്കാനാണ് പുതിയ പരിഷ്കാരം വഴി റെയിൽവേ ലക്ഷ്യമിടുന്നത്.
എസ്.ആർ. സുധീർ കുമാർ
