കായംകുളം: സ്ത്രീത്വം അപമാനിക്കപ്പെടുന്നത് ആർക്കെതിരെയായാലും അത് രാഷ്ട്രീയമല്ല, ക്രൂരതയാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിത ബാബു. യു. പ്രതിഭ എംഎൽഎയ്ക്കെതിരേ ഉണ്ടായ അധിക്ഷേപ പരാമർശം അങ്ങേയറ്റം അപലപനീയമാണ്. ഇത് എന്റെ വ്യക്തിപരമായ നിലപാടും എന്റെ പ്രസ്ഥാനത്തിന്റെ നിലപാടുമാണ്.
ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത പ്രസ്താവന തന്നെയാണത്. ഖേദം പ്രകടിപ്പിച്ച യുഡിഎഫ് നേതാവ്, അത് തുറന്നു സമ്മതിക്കുകയും നിരുപാധികം മാപ്പ് പറയുകയും ചെയ്തു എന്നത് സ്വാഗതാർഹമാണെന്നും അരിത പറഞ്ഞു.
എംഎൽഎയ്ക്കെതിരായ സ്ത്രീ വിരുദ്ധ പരാമർശത്തിനെതിരെ സോഷ്യൽ മീഡിയയിൽ സ്ത്രീപക്ഷ സംരക്ഷകരായി ചമയുന്ന ചിലരെ കാണുമ്പോൾ അഞ്ച് വർഷം പിന്നിലേക്ക് ഒന്ന് നോക്കാതിരിക്കാൻ കഴിയില്ല. അന്ന് തനിക്കെതിരേ നടന്നത് എന്തായിരുന്നുവെന്ന് ഓർമവേണം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ എത്തിയ എന്നെ, ചായക്കടകൾ മുതൽ സോഷ്യൽ മീഡിയയുടെ ഇരുണ്ട മൂലകളിൽ വരെ ആക്ഷേപിക്കുകയായിരുന്നു.
പശുക്കളെ വളർത്തിയും പാൽ കറന്നുവിറ്റും ഉപജീവനം നടത്തിയിരുന്ന തന്നെ തൊഴിലിന്റെ പേരിൽ പരിഹസിക്കാനാണ് അന്ന് സിപിഎം സൈബർ വെട്ടുക്കിളികൾ മത്സരിച്ചത്. അന്ന് അശ്ലീലച്ചുവയുള്ള കമന്റുകളിലൂടെ എന്റെ സ്ത്രീത്വത്തെ പിച്ചിച്ചീന്തിയപ്പോൾ ഇന്ന് നിലവിളിക്കുന്നവർ എവിടെയായിരുന്നുവെന്നും അരിത ബാബു ചോദിച്ചു.
അന്ന് തനിക്കെതിരേ നടന്ന ക്രൂരമായ സൈബർ ആക്രമണങ്ങൾക്കെതിരെ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകിയിരുന്നു. ആ പരാതിയോട് മുഖം തിരിച്ച പിണറായി വിജയനാണ് ഇന്ന് ഫേസ്ബുക്കിൽ സ്ത്രീത്വത്തെക്കുറിച്ച് വാചാലനാകുന്നത്. അന്ന് എന്നെ വേട്ടയാടിയവർ ഇന്ന് എംഎൽഎയ്ക്ക് വേണ്ടി വാദിക്കുമ്പോൾ അതിലെ കാപട്യം ജനം തിരിച്ചറിയണമെന്നും അരിതബാബു പറഞ്ഞു.
