പത്തനംതിട്ട: ബിജെപി – സിപിഎം ഡീൽ എന്ന പേരിൽ ഉന്നതരായ കോൺഗ്രസ് നേതാക്കൾ കേരളത്തിലെത്തി സിപിഎമ്മിനെതിരേ പ്രചരിപ്പിക്കുന്നത് പച്ചക്കള്ളമെന്ന് സിപിഎം അഖിലേന്ത്യാ സെക്രട്ടറി എം.എ. ബേബി. പത്തനംതിട്ട പ്രസ് ക്ലബ്ബിന്റെ ‘ജനമനസ്’ സംവാദം പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ ഇത്തരം ആരോപണം ഉന്നയിച്ചത് ബിജെപിക്കെതിരേ രൂപപ്പെട്ടിട്ടുള്ള ഇന്ത്യാ സഖ്യത്തിന്റെ പൊതു കാഴ്ചപ്പാടിനെതിരാണ്. രാജ്യത്തു ബിജെപിയെ നേരിടാൻ രൂപീകരിച്ച ഇന്ത്യാ സഖ്യത്തിലെ കക്ഷികൾ പരസ്പരം മത്സരിക്കേണ്ട സാഹചര്യമുണ്ടായാൽ അതു ബിജെപിക്കു ഗുണകരമാകുന്ന സാഹചര്യത്തിലാകരുതെന്നത് പൊതുധാരണയാണ്. ഇതിനു വിരുദ്ധമായാണ് ഖാർഗെയും രാഹുലും പറയുന്നത്. ഇന്ത്യാ ബ്ലോക്ക് ശക്തിപ്പെടണമെന്നതാണ് സിപിഎം താത്പര്യം.
സിപിഎം – ബിജെപി ഡീൽ എന്നത് വ്യാജ ആരോപണമാണ്. ത്രിപുര, അരുണാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ബിജെപിക്കു വളരാൻ സാഹചര്യമൊരുക്കിയത് കോൺഗ്രസാണെന്നു കാണാം. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കൊല്ലം, തിരുവനന്തപുരം കോർപറേഷനുകളിൽ സിപിഎമ്മിനെ അധികാരത്തിൽ നിന്നകറ്റാൻ ബിജെപിയും കോൺഗ്രസും പരസ്പരം സഹായിച്ചു.
പൊതുയോഗങ്ങളിൽ ചോദ്യം വന്നാൽ സാഹചര്യം അനുസരിച്ച് മറുപടി
പൊതുയോഗങ്ങളിൽ പ്രസംഗിക്കുമ്പോൾ സദസിൽനിന്ന് ചോദ്യം വന്നാൽ അപ്പോഴത്തെ സാഹചര്യത്തിന് അനുസരിച്ച് മറുപടി നൽകുമെന്ന് എം.എ. ബേബി പറഞ്ഞു. പൊതുയോഗത്തിൽ ചോദ്യം ചോദിക്കാൻ ശ്രമിച്ചയാൾതന്നെ സാഹചര്യം വ്യക്തമാക്കിയിട്ടുണ്ട്. ജനങ്ങളുമായുള്ള ഇടപെടലിന് ഒരു ശൈലി വേണമെന്നത് എല്ലാവർക്കും ബാധകമാണെന്നും എം.എ. ബേബി വ്യക്തമാക്കി.
