പരവൂർ: രാജ്യത്തെ റെയിൽവേ ചരിത്രത്തിലെ ഏറ്റവും നീളമേറിയ സ്പെഷൽ ട്രെയിൻ സർവീസുമായി ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷൻ. തിരുവനന്തപുരം സെൻട്രലിൽ നിന്ന് അസമിലെ ന്യൂ ടിൻസൂക്കിയയിലേക്കാണ് ഈ പ്രത്യേക സർവീസ് പ്രഖ്യാപിച്ചിരിക്കുന്നത്.
4028 കിലോമീറ്റർ ദൂരം പിന്നിടുന്ന ഈ ട്രെയിനിന്റെ യാത്ര 83 മണിക്കൂറും 45 മിനിറ്റും കൊണ്ട് പൂർത്തിയാകും. ട്രെയിൻ നമ്പർ 06015 തിരുവനന്തപുരം സെൻട്രൽ-ന്യൂ ടിൻസൂക്കിയ നാളെ വൈകുന്നേരം 4.45-ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടും. അഞ്ചാം ദിവസം പുലർച്ചെ 4.30ന് ന്യൂ ടിൻസൂക്കിയയിൽ എത്തും.
ട്രെയിൻ നമ്പർ 06016 ന്യൂ ടിൻസൂക്കിയ-തിരുവനന്തപുരം സെൻട്രൽ ഒമ്പതിന് രാത്രി എട്ടിന് ന്യൂ ടിൻസൂക്കിയയിൽ നിന്ന് പുറപ്പെട്ട് അഞ്ചാം ദിവസം രാവിലെ 7.45-ന് തിരുവനന്തപുരത്ത് എത്തും. കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, പാലക്കാട്, വിജയവാഡ, ഭുവനേശ്വർ, ഖരഗ്പൂർ, ന്യൂ ജൽപായ്ഗുരി, ഗുവാഹത്തി തുടങ്ങിയ പ്രധാന സ്റ്റേഷനുകളിലൂടെയാണ് ട്രെയിൻ കടന്നുപോകുന്നത്.
ആകെ 22 കോച്ചുകളാണ് ട്രെയിനിൽ ഉണ്ടാവുക. രണ്ട് എസി ത്രീ ടയർ കോച്ചുകൾ. 18 സ്ലീപ്പർ ക്ലാസ് കോച്ചുകൾ. ഭിന്നശേഷിക്കാർക്ക് കൂടി സൗകര്യപ്രദമായ രീതിയിലുള്ള രണ്ട് സെക്കൻഡ് ക്ലാസ് കോച്ചുകൾ എന്നിവയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഏപ്രിൽ രണ്ടു മുതൽ ഈ ട്രെയിനുകളിലേക്കുള്ള ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. അസമിലേക്കും തിരിച്ചും ദീർഘദൂര യാത്ര പ്ലാൻ ചെയ്യുന്നവർക്ക് വലിയ ആശ്വാസമാണ് റെയിൽവേയുടെ ഈ പുതിയ തീരുമാനം.
